‘മയക്കുമരുന്ന് അടിച്ച് സ്വബോധമില്ലാതെ കിടക്കും, അന്ന് അവന്‍ മരിച്ചു പോയിരുന്നു എങ്കില്‍ എന്നു പോലും ആഗ്രഹിച്ചിരുന്നു!’ മയക്കുമരുന്നിന് അടിമപ്പെട്ട് മരണമടഞ്ഞ മകനെ ഓര്‍ത്ത് നെഞ്ചുപൊട്ടി ഒരമ്മ

റിക്കി എന്ന ഇരുപത്തിയഞ്ചുകാരനെ ഓര്‍ത്താണ് ഈ അമ്മയുടെ തേങ്ങല്‍.

ചണ്ഡീഗഡ്: ഇന്ന് യുവതലമുറയെ കാര്‍ന്നു തിന്നുന്ന ഒന്നാണ് മയക്കുമരുന്ന്. ഇത്തിരി നേരം ലഭിക്കുന്ന അപാര ലഹരി നുണയാന്‍ തലമുറ നെട്ടോട്ടം ഓടുകയാണ്. അത്തരത്തില്‍ അടിമപ്പെട്ട യുവാക്കളുടെ ജീവനും മയക്കുമരുന്ന് എടുക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചാപില്‍ മയക്കുമരുന്ന് ഉപയോഗത്താല്‍ മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. അങ്ങനെ മയക്കുമരുന്ന് ജീവനെടുത്ത മകനെ ഓര്‍ത്ത് തേങ്ങുകയാണ് പഞ്ചാപില്‍ നിന്നൊരു അമ്മ.

റിക്കി എന്ന ഇരുപത്തിയഞ്ചുകാരനെ ഓര്‍ത്താണ് ഈ അമ്മയുടെ തേങ്ങല്‍. ”അവന്‍ എന്റെ ഒരേയൊരു മകനായിരുന്നു. പക്ഷേ, അവനൊന്നു മരിച്ചിരുന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍, എല്ലാ രാത്രിയും അവന്റെ ഫോട്ടോ ചേര്‍ത്തു പിടിച്ചു കരയുകയാണ് ഞാന്‍.” അമ്പത്തിയഞ്ചുകാരിയായ ലക്ഷ്മി ദേവി കണ്ണീരോടെ പറയുന്നു.

ലക്ഷ്മിയുടെ മകന്‍ റിക്കി ലഹോറിയ മയക്കുമരുന്ന് ഉപയോഗം കൂടിയതിന്റെ പേരില്‍ മരണമേറ്റു വാങ്ങിയത് അടുത്തിടെയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ റിക്കി മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയിരുന്നു എന്നാണ്. പിന്നീട്, അവന്‍ പഠനമുപേക്ഷിച്ചു. ആദ്യമാദ്യം അവന്‍ കഫ് സിറപ്പിനും ഇഞ്ചക്ഷനും അടിമയായിരുന്നു. പയ്യെപയ്യെ, അത് ഹെറോയിനായി മാറി ലക്ഷ്മി പറയുന്നു.

ലക്ഷ്മി കാര്യമായി അവനോട് സംസാരിച്ച ശേഷം അവന് മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും പിന്തിരിയണമെന്നുണ്ടായിരുന്നു. അതിനായി സഹായിക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ, സാധാരണക്കാരിയായ ലക്ഷ്മിക്ക് പുനരധിവാസകേന്ദ്രങ്ങളെ കുറിച്ചൊന്നും യാതൊരു അറിവുമില്ലായിരുന്നു. ”ഞാനവനെ ഒരു സാധാരണ ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ മരിച്ചു.” ലക്ഷ്മി വേദനയോടെ പറയുന്നു.

”കൈയ്യില്‍ കിട്ടുന്നതെന്തും റിക്കി മരുന്ന് വാങ്ങാനായി വില്‍ക്കുമായിരുന്നു. അവനൊരു സാധാരണ ജീവിതം നയിക്കുന്നത് കാണാന്‍ എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അവനൊരു കുടുംബമുണ്ടാകുന്നതും അവര്‍ക്കായി അവന്‍ അധ്വാനിക്കുന്നതും ഒക്കെ എനിക്ക് കാണണമെന്നുണ്ടായിരുന്നു. ഞാന്‍ നിസ്സഹായ ആയിരുന്നു. അവന്‍ മയക്കുമരുന്ന് കഴിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട് ഞാന്‍ തകര്‍ന്നു പോയിട്ടുണ്ട്. അപ്പോഴവന്‍ അവന്‍ ആരാണ് എന്നും എന്താണ് ചെയ്യുന്നത് എന്നും മറന്നുപോയിട്ടുണ്ടാകും.” ലക്ഷ്മി ദേവി നിറകണ്ണുകളോടെ പറയുന്നു.

Exit mobile version