പ്രാർത്ഥനകൾക്ക് പകരം മുസ്ലിങ്ങൾ പള്ളികൾ ഉപയോഗിക്കുന്നത് ആയുധം ശേഖരിച്ച് വെയ്ക്കാൻ; സിഎഎ അനുകൂലിച്ചില്ലെങ്കിൽ ഫണ്ടുകളും അനുവദിക്കില്ല; വിവാദപ്രസ്താവനയുമായി ബിജെപി എംഎൽഎ; തള്ളിക്കളഞ്ഞ് നേതൃത്വം

ബംഗളൂരു: മുസ്ലിങ്ങൾ പള്ളികളെ പ്രാർത്ഥന നടത്താനല്ല ആയുധങ്ങൾ ശേഖരിച്ച് വെയ്ക്കാനായാണ് ഉപയോഗിക്കുന്നത് എന്ന വിദ്വേഷ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി എംഎൽഎ എംപി രേണുകാചാര്യ. മുസ്ലിം പള്ളികളിൽ വാൾ, കത്തി, സോഡാ കുപ്പികൾ തുടങ്ങിയ മാരകായുധങ്ങൾ ശേഖരിച്ചു വെക്കുകയാണ്. പള്ളിയിലെ ഖാസിമാർ ധർമ്മപ്രഭാഷണങ്ങൾക്ക് പകരം ഫത്‌വ പുറപ്പെടുവിക്കുകയാണെന്നും രേണുകാചാര്യ പറഞ്ഞു.

ഹോനഹള്ളയിലെ സിഎഎ വിശദീകരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് എംപിയുടെ വിവാദ പ്രസ്താവന നടത്തിയത്. മുസ്‌ലിങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നില്ലെങ്കിൽ അവരുടെ ക്ഷേമത്തിനായി ഫണ്ടുകൾ അനുവദിക്കില്ലെന്നും പകരം തന്റെ മണ്ഡലത്തിലെ ഹിന്ദുക്കൾക്ക് നൽകുമെന്നും എംപി പറഞ്ഞു.

‘ന്യൂനപക്ഷങ്ങൾ ബിജെപിയെ ശത്രുവായാണ് കാണുന്നതെങ്കിൽ അവരെ ബിജെപിക്ക് അവഗണിക്കേണ്ടി വരും. അവർ ഞങ്ങളുടെ നയങ്ങളെയും പദ്ധതികളെയും നിരന്തരം എതിർക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല’- എംപി യോഗത്തിൽ പറഞ്ഞു.

അതേസമയം, രേണുകാചാര്യയുടെ പരാമർശം വിവാദമായതിനെ തുടർന്ന് അതിനെ തള്ളി ബിജെപി രംഗത്തെത്തി. രേണുകാചാര്യ പറഞ്ഞത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. അത്തരം പ്രസ്താവനകളിൽ നിന്നും വിട്ടുനിൽക്കണമെന്നും കർണാടക ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചു.

Exit mobile version