പൗരത്വ നിയമ ഭേദഗതി: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും; ചീഫ് ജസ്റ്റിസിന് മുന്നിൽ 144 ഹർജികൾ

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തതിനെ ചോദ്യം ചെയ്തും സംശയങ്ങൾ ഉന്നിയിച്ചും സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 144 ഹർജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

കേന്ദ്രസർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയും ഹാജരാകും. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിനു പിന്നാലെ ചോദ്യം ചെയ്ത് ആദ്യം ഹർജി നൽകിയ മുസ്ലിം ലീഗിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ കേരളം നൽകിയ സ്യൂട്ട് ഹർജി ഇന്ന് പരിഗണിക്കില്ല.

നേരത്തെ, പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ജനുവരി രണ്ടാം ആഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാൽ കേന്ദ്രം ഇതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല.

മുസ്ലിം ലീഗ്, ഡിവൈഎഫ്.എ, കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ), ജയറാം രമേശ്, രമേശ് ചെന്നിത്തല, ടിഎൻ പ്രതാപൻ, ലോക് താന്ത്രിക് യുവജനതാദൾ, ഡിഎംകെ, അസദുദ്ദീൻ ഒവൈസി, തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാർ ഝാ (ആർജെഡി), മഹുവ മോയിത്ര, ആസാം സ്റ്റുഡന്റ്സ് യൂണിയൻ, ആസാം ഗണപരിഷത്, ആസാം അഭിഭാഷക അസോസിയേഷൻ, മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷൻ തുടങ്ങി നിരവധി ഹർജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയുടെ പരിഗണനയിലുള്ളത്.

Exit mobile version