പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി

ചെന്നൈ: പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി രംഗത്ത്. രജനീകാന്തിനെ വിമര്‍ശിക്കുന്ന ദ്രാവിഡ പാര്‍ട്ടികള്‍, ഹിന്ദു മുന്നണി നേതാക്കളെ അപമാനിച്ചതില്‍ മാപ്പു പറയുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പറഞ്ഞു.

അതിനിടെ പെരിയാര്‍ വിഷയത്തില്‍ രജനീകാന്തിന് എതിരെ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. രജനീകാന്ത് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധക്കാര്‍ മധുരയില്‍ രജനീകാന്തിന്റെ കോലവും കത്തിച്ചു.

എന്നാല്‍ പെരിയാര്‍ വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. അന്നത്തെ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനയെന്നും, പ്രതികരണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

ചെന്നൈയില്‍ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവേ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേ 1971-ല്‍ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്നായിരുന്നു രജനിയുടെ പരാമര്‍ശം.

എന്നാല്‍ 1971ല്‍ നടന്ന ഈ സംഭവം അന്നത്തെ പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി പ്രതിസന്ധികള്‍ മറികടന്ന് ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയിരുന്നെന്നും രജനീകാന്ത് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version