പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം; പൗരത്വ ഭേദഗതിയിൽ നിന്നും കേന്ദ്രം ഒരടി പിന്നോട്ടില്ലെന്ന് അമിത് ഷാ

ലക്നൗ: പ്രതിഷേധം നടത്തിയിട്ട് ഒരു കാര്യവുമില്ല, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാമെന്നും പ്രതിഷേധം വിലയിക്കെടുക്കുന്നില്ലെന്നും അദ്ദേഹം ലഖ്‌നൗവിലെ റാലിയിൽ പറഞ്ഞു. പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘ഞാൻ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു, സർക്കാർ പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോക്കം പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. പ്രതിഷേധിക്കേണ്ടവർക്ക് അത് തുടരാം’- അമിത് ഷാ വ്യക്തമാക്കി.

പ്രതിപക്ഷത്തിന് യാഥാർഥ്യം തിരിച്ചറിയാനാകുന്നില്ല, വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാൽ അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന പാർട്ടികൾ മിഥ്യാധാരണകൾ പ്രചരിപ്പിക്കുകയാണ്. അതിനാലാണ് ബിജെപി ജൻ ജാഗരൺ അഭിയാൻ നടത്തുന്നത്. ഇത് രാജ്യം തകർക്കുന്നവർക്കെതിരായ അവബോധ ക്യാംപെയിനാണെന്നും അമിത് ഷാ അവകാശപ്പെട്ടു. പ്രതിഷേധം കണക്കിലെടുക്കില്ലെന്നും പൗരത്വ നിയമം ഒരു നിലക്കും പിൻവലിക്കില്ലെന്നും എതിരാളികളോട് വളരെ വ്യക്തമായി പറയുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബിൽ നിങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഈ നിയമം കാര
ണം ഏതെങ്കിലും വ്യക്തിയുടെ പൗരത്വം എടുത്ത് കളയാൻ കഴിയുമെങ്കിൽ അത് തെളിയിച്ച് കാണിക്കാനാണ് ഷായുടെ വെല്ലുവിളി. അന്ധരും ബധിരരുമായ നേതാക്കൾക്ക് പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ കാണാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഈ ആളുകൾ എവിടെ പോയി? ചിലർ കൊല്ലപ്പെട്ടു, ചിലരെ ബലമായി പരിവർത്തനം ചെയ്തു. രാജസ്ഥാനിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാകിസ്താനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം നൽകുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നെന്നും നിങ്ങൾ ചെയ്താൽ എല്ലാം ശരിയാണ്, മോഡി ചെയ്യുമ്പോൾ നിങ്ങൾ പ്രതിഷേധിക്കുന്നെന്നും അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു.

Exit mobile version