ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന് മതത്തിൽ എവിടേയും പറയുന്നില്ല; ഹർജി തള്ളി ഹൈക്കോടതി

അലഹാബാദ്: ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്നത് നിർബന്ധമില്ലെന്ന് നിർദേശിച്ച് അലഹാബാദ് ഹൈക്കോടതി. ബാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അനുവദിക്കണമെന്ന മുസ്ലിം പള്ളികളുടെ ഹർജി തള്ളിക്കൊണ്ടാണ് അലഹാബാദ് ഹൈക്കോടതി നിർദേശം മുന്നോട്ട് വെച്ചത്. ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് വിപിൻ ചന്ദ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

ഉച്ചഭാഷിണിയിലൂടെയോ പെരുമ്പറ കൊട്ടിയോ ബാങ്ക് അറിയിക്കണമെന്ന് മതത്തിൽ എവിടെയും പറയുന്നില്ല. ഇനി അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് ശല്യമാകരുതെന്നും കോടതി നിർദേശിച്ചു.

നേരത്തെ കേരളത്തിലെ മുസ്ലീം പള്ളികളിലെ ബാങ്കു വിളി ഏകീകരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന നിർദേശവുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷൻ സി മുഹമ്മദ് ഫൈസി രംഗത്തെത്തിയിരുന്നു. ഒന്നിലേറെ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽ നിന്നു മാത്രം ഉച്ചഭാഷിണിയിലൂടെ ബാങ്ക് കൊടുത്താൽ മതിയെന്ന് വയ്ക്കണമെന്നും രാത്രി സമയങ്ങളിൽ വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്നും ഫൈസി അഭിപ്രായപ്പെട്ടിരുന്നു. രണ്ട് വർഷം മുൻപ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ഇകെ വിഭാഗം സുന്നികളുടെ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമാനമായ നിർദേശം മുന്നോട്ട് വച്ചിരുന്നു.

മതത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണം. ബാങ്ക് വിളി ഏകീകരിക്കാൻ മുസ്ലീം സംഘടനകൾ തന്നെ നേതൃത്വം നൽകണം. ഒരു മതേതരസമൂഹത്തിൽ ജീവിക്കുന്ന നമ്മൾ പൊതുസമൂഹത്തിന്റെ താത്പര്യങ്ങൾ കൂടി പരിഗണിക്കണമെന്നും സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടിരുന്നു.

Exit mobile version