പൗരത്വ ഭേദഗതിക്ക് എതിരായ പ്രക്ഷോഭ വേദിയിലെത്തി അഖിലേഷ് യാദവിന്റെ മകൾ ടിന; സുഹൃത്തുക്കളെ കാണാൻ എത്തിയതെന്ന് പാർട്ടി

ലഖ്നൗ: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭ വേദിയിലെത്തി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മകൾ ടിന യാദവ്. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ വേദിയിലേക്ക് ടിന എത്തിയത് ഞായറാഴ്ചയായിരുന്നു. ക്ലോക്ക് ടവർ പരിസരത്ത് നടന്ന പ്രക്ഷോഭത്തിലാണ് ടിന പങ്കെടുത്തത്.

സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിലായിരുന്നു ടിനയുടെ സാന്നിധ്യം. സുഹൃത്തുക്കളോടൊപ്പമാണ് ടിന എത്തിയതെന്നാണ് വിവരം. അഖിലേഷ് യാദവിന്റെ മകളാണ് എന്ന് സമരവേദിയിലുള്ളവർ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ചിത്രങ്ങൾ പ്രചരിച്ചപ്പോഴാണ് ടിനയാണ് എന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് പോലും മനസിലായത്.

ടിനയുടെ സുഹൃത്തുക്കൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരായിരുന്നു. അവരെ കാണാനാണ് ടിനയെത്തിയെതെന്നും അവരൊടൊപ്പം ഇരിക്കുകയുമായിരുന്നുവെന്നാണ് വിവരം. ഇക്കാര്യം തന്നെയാണ് സമാജ് വാദി പാർട്ടിയും അറിയിക്കുന്നത്. സുഹൃത്തുക്കളെ കാണാനാണ് ടിനയെത്തിയതെന്നും അവർ ഒന്ന് നടക്കാൻ ഇറങ്ങിയതാണെന്നുമാണ് പാർട്ടിയുടെ വിശദീകരണം.

Exit mobile version