പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ‘പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ല’ എന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്.

അതേസമയം ഇക്കാര്യം നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. അതേസമയം ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കേരളം. ഈ തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കുമെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Exit mobile version