പരീക്ഷയെ ആരും പേടിക്കേണ്ട! മോഡിയുടെ ‘പരീക്ഷ പേ ചർച്ച’ ഇന്ന്; സർവകലാശാല വിദ്യാർത്ഥികളെ ഒഴിവാക്കി; ഭയന്നിട്ടാണോ എന്ന് സോഷ്യൽമീഡിയ

ന്യൂഡൽഹി: രാജ്യത്തെ വിദ്യാർത്ഥികൾക്ക് പരീക്ഷയെ ഭയക്കാതെ നേരിടാനുള്ള ടിപ്‌സുകളും ധൈര്യം നൽകുന്ന വാക്കുകകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സംവാദം നടത്തും. ‘പരീക്ഷ പേ ചർച്ച 2020’ എന്ന തുടർപരിപാടിയിൽ ഡൽഹിയിൽ വെച്ച് വിദ്യാർത്ഥികളുമായി സംവദിക്കും. വിദ്യാർത്ഥികളെ കൂടാതെ അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ പൗരത്വഭേദഗതിക്കെതിരെയും ഫീസ് വർധനയ്‌ക്കെതിരെയും മറ്റും പ്രതിഷേധിക്കുന്ന സർവ്വകലാശാല വിദ്യാർത്ഥികളെ പരിപാടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് വലിയ വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.

മോഡി തന്നെ വിഭാവനം ചെയ്ത പരീക്ഷ പേ ചർച്ചയുടെ മൂന്നാം എഡിഷനാണ് ഇന്ന് നടക്കുക. ന്യൂഡൽഹിയിലെ ടോക്കട്ടോറയിൽ വെച്ച് നടക്കുന്ന സംവാദം രാവിലെ 11 ന് ആരംഭിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 9 മുതൽ 12ാം തരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം നൽകിയിരിക്കുന്നത്.

ഇതിനിടെ, തമിഴ്നാട്ടിൽ പൊങ്കൽ അവധിയ്ക്കിടെയിലും വിദ്യാർത്ഥികളോട് മോഡിയുടെ പരിപാടിക്ക് എത്താൻ ആവശ്യപ്പെട്ട് സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടർ എസ് കണ്ണപ്പൻ വിവാദത്തിന് തിരികൊളുത്തി. കണ്ണപ്പൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരോടും ഒമ്പതാം ക്ലാസുമുതൽ 12ാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളോട് അന്നേദിവസം സ്‌കൂളിലെത്തി പ്രസംഗം കേൾക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ, ബിജെപിയുടെ പ്രചാരണപരിപാടികൾക്ക് വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ പ്രതികരണം.

Exit mobile version