കാശ്മീരിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത് വൃത്തികെട്ട സിനിമകൾ കാണാൻ; ഇന്റർനെറ്റ് നിരോധനത്തെ ന്യായീകരിച്ച് നിതി ആയോഗ് അംഗം

ന്യൂഡൽഹി: ജമ്മുകാശ്മീരിലെ ഇന്റർനെറ്റ് നിരോധനം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കെ കാശ്മീർ ജനങ്ങളെ ആക്ഷേപിച്ച് നീതി അയോഗ് അംഗം വികെ സരസ്വത്. കാശ്മീരിലെ ജനങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത് ‘വൃത്തികെട്ട സിനിമകൾ’ കാണാനെന്നാണ് സരസ്വതിന്റെ പ്രസ്താവന. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഇൻറർനെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു. ധീരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തിനാണ് രാഷ്ട്രീയക്കാർ കാശ്മീരിലേക്ക് പോകുന്നത്?. ഡൽഹിയിലെ റോഡുകളിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവർക്ക് കാശ്മീരിലും പുനഃസൃഷ്ടിക്കാനാണോ. അതിനായി അവർ സമൂഹമാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്. കശ്മീരിൽ ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്‌നം? ഇന്റർനെറ്റിലൂടെ എന്താണ് നിങ്ങൾ അവിടെയുള്ളവർ കാണുന്നത്?. വൃത്തികെട്ട സിനിമകൾ കാണുന്നതല്ലാതെ നിങ്ങൾ മറ്റൊന്നും ഇന്റർനെറ്റിൽ ചെയ്യുന്നില്ല’,-എന്നായിരുന്നു സരസ്വതിന്റെ പ്രസ്താവന.

എന്നാൽ, പ്രസ്താവന വിവാദമായതോടെ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത് കാശ്മീരിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചില്ലെന്ന് പറയാനാണ് താൻ ശ്രമിച്ചതെന്ന് പറഞ്ഞ് പിന്നീട് സരസ്വത് വിവാദത്തിൽനിന്ന് തലയൂരുകയായിരുന്നു.

Exit mobile version