ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം; എല്ലാവര്‍ക്കും കുടിവെള്ളം; 200 യൂണിറ്റ് വൈദ്യുതി സൗജന്യം; വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് പത്ത് വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എല്ലാവര്‍ക്കും കുടിവെള്ളം, സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ലോകോത്തരനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് കെജരിവാള്‍ പറഞ്ഞു.

200 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് നിരക്കേര്‍പ്പെടുത്തില്ല. ഡല്‍ഹി മെട്രോ 500 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കും, ചേരിനിവാസികള്‍ക്ക് ചേരിക്കടുത്ത് വീട് വച്ച് നല്‍കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യയാത്ര ഏര്‍പ്പാടാക്കും. മലീനീകരണം കുറയ്ക്കും, പൊടി ഒഴിവാക്കുന്നതിനായി വാക്വം ക്ലീനര്‍ ഉപയോഗിക്കും, അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള എല്ലാ പദ്ധതികളും അടുത്ത അഞ്ചുവര്‍ഷവും തുടരും തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.

നിലവിലെ ഭരണപക്ഷമായ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാന മത്സരം നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ആം ആദ്മി പാര്‍ട്ടി എഴുപതംഗ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 67 സീറ്റുകളില്‍ ലഭിച്ചാണ് ആംആദ്മി പാര്‍ട്ടി വിജയിച്ചത്. ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്.

Exit mobile version