തീവ്രവാദികൾക്ക് ഒപ്പം പിടിയിലായ ദേവീന്ദർ സിങിനെതിരെ യുഎപിഎ ചുമത്തി; തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും

ന്യൂഡൽഹി: കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ കടത്താൻ ശ്രമിച്ച് പിടിയിലായ ഡിഎസ്പി ദേവീന്ദർ സിങിനെതിരെ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി കേസെടുത്തു. യുഎപിഎ സെക്ഷൻ 18,19,20,38,39 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഎസ്പി ദേവീന്ദർ സിങിനെ കസ്റ്റഡിയിലെടുക്കാനായി എൻഐഎ സംഘം തിങ്കളാഴ്ച കാശ്മീരിലെത്തും. പിന്നീട് ഡൽഹിയിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ദേവീന്ദർ സിങിന്റെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി പിടിച്ചെടുത്ത എകെ 47, ഗ്രനേഡ്, പിസ്റ്റൽ, മൊബൈൽ ഫോൺ, എന്നിവ എൻഐഎയുടെ ഫോറൻസിക് ടീം പിടിച്ചെടുക്കും.

സസ്‌പെന്റ് ചെയ്ത ദേവീന്ദർ സിങിന്റെ കേസിൽ ദേശീയ അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സന്നദ്ധത അറിയിച്ച് ജമ്മു ആൻഡ് കശ്മീർ പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇനിയും ഗൗരവമുള്ള കാര്യങ്ങൾ പുറത്തുവരാനുള്ളതിനാൽ ഈ കേസ് എൻഐഎക്കൊണ്ട് അന്വേഷിപ്പിക്കാൻ താത്പര്യപ്പെടുന്നു എന്നാണ് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് അറിയിച്ചത്.

അതേസമയം, തൂക്കിലേറ്റപ്പെടുന്നതിന് മുൻപ് അഫ്‌സുൽ ഗുരു 2004ൽ എഴുതിയ കത്തിൽ ദേവീന്ദർ സിങാണ് പാർലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാൾക്ക് ഡൽഹിയിൽ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാൻ തന്നെ നിർബന്ധിച്ചതെന്ന് പറഞ്ഞിരുന്നു. ഈ കത്തിനെ കുറിച്ച് വീണ്ടും അന്വേഷണമുണ്ടാകുമോ എന്ന് ഇനിയും വ്യക്തമല്ല. ജമ്മു-കാശ്മീർ ഹൈവേയിലൂടെ ഡൽഹിയിലേക്ക് കാറിൽ പോകുന്നതിനിടയിലാണ് ദേവീന്ദർ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുമ്പ് ദേവീന്ദർ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികൾ തങ്ങിയതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

Exit mobile version