മറ്റുള്ളവര്‍ പറയുന്ന വഞ്ചനയില്‍ വീഴരുത്; ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ദിലീപ് ഘോഷ്

നിങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രശ്‌നത്തിലാകും

ഹൗറ: എത്രയും വേഗം കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് അനുസരിച്ച് അഭയാര്‍ത്ഥികള്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഏറെ കാലമായി ബംഗാളില്‍ ജീവിക്കുകയും ആധാറും പാന്‍ കാര്‍ഡും ഉള്ളവരും പൗരത്വത്തിനായി അപേക്ഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ വഞ്ചനയില്‍ വീഴരുതെന്നും ദിലീപ് ഘോഷ് പറഞ്ഞു. ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൗറയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ തന്നെ പൗരത്വം നേടണം. നിങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രശ്‌നത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയും ദിലീപ് ഘോഷം രംഗത്ത് വന്നു. അയല്രാജ്യങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ പാലായനം ചെയ്യേണ്ട അവസ്ഥ വന്നപ്പോള്‍ ബുദ്ധിജീവികളെ തെരുവില്‍ കണ്ടില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. പൗരത്വ നിയമ ഭേദഗതി കൊണ്ട് വന്നത് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ്, അല്ലാതെ ആരുടെയും പൗരത്വം തട്ടിപ്പറിക്കാനല്ല. ജനക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

പൗരത്വത്തിന് അപേക്ഷിക്കാനായി മൂന്നോ നാലോ മാസം പ്രധാനമന്ത്രി നല്‍കും. നിങ്ങള്‍ എല്ലാവരും പൗരത്വത്തിനായി അപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version