‘ഗോമൂത്രം കുടിച്ച് കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തൂ’; ബംഗാള്‍ ബിജെപി പ്രസിഡന്റ്

കൊല്‍ക്കത്ത: കൊവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഗോമൂത്രം കുടിക്കണമെന്ന്
ആഹ്വാനം ചെയ്ത് ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. ആളുകള്‍ കൂടുതലായി ഗോമൂത്രം കുടിച്ച് ആരോഗ്യം വര്‍ധിപ്പിക്കണമെന്നാണ് ദിലീപ് ഘോഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

‘പശുവിനെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും അത് ബുദ്ധിമുട്ടാവും. കഴുതകള്‍ക്ക് ഒരിക്കലും പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാവില്ല. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്റെ നാട്. ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. മദ്യം കഴിക്കുന്നവര്‍ക്ക് എങ്ങനെയാണ് പശുവിന്റെ പ്രാധാന്യം മനസിലാവുക’ എന്നാണ് ദിലീപ് ഘോഷ് വീഡിയോയില്‍ പറഞ്ഞത്. നേരത്തേ പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന വിവാദ പ്രസ്താവനയും ഇദ്ദേഹം നടത്തിയിരുന്നു. ഈ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ബംഗാളില്‍ വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1894 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 38011 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1049 ആയി ഉയര്‍ന്നു.

Exit mobile version