‘പടക്കം പൊട്ടിച്ചതില്‍ എന്താണിത്ര തെറ്റ്..? ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചതാണ്’ വൈറലായ പടക്കം പൊട്ടിക്കലിന് പുതിയ ന്യായീകരണവുമായി ബിജെപി നേതാവ്

ഹൗറ: കൊറോണ വൈറസ് വ്യാപനത്തില്‍ പോരാടുന്നതില്‍ ഐക്യം ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന്റെ പേരില്‍ പടക്കം പൊട്ടിച്ചും ആളുകളെ കൂട്ടി പ്രകടനം നടത്തിയതെല്ലാം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ലോക്ക് ഡൗണ്‍ വിലക്കുകളെ മറികടന്നായിരുന്നു ഈ തീരുമാനം. സംഭവം വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണതോടെ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

പടക്കങ്ങള്‍ പൊട്ടിച്ചതില്‍ തെറ്റില്ലെന്നും സന്തോഷപ്രകടനത്തിന്റെ ഭാഗം മാത്രമായി സംഭവത്തെ കണ്ടാല്‍മതി എന്നുമാണ് ഘോഷ് പ്രതികരിച്ചത്. കൊവിഡ് 19നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ കാരണം ആളുകള്‍ വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരും അവരോട് പടക്കങ്ങള്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവരങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് അത്രമാത്രം തെറ്റുള്ളതെന്നും ഘോഷ് ചോദിക്കുന്നു. പടക്കം പൊട്ടിച്ച സംഭവത്തെ വലിയ പ്രശ്നമായി ഉയര്‍ത്തിക്കാട്ടേണ്ടെന്നും ആളുകള്‍ അവരുടെ സന്തോഷം പ്രകടിപ്പിച്ചതായി കണക്കാക്കിയാല്‍ മതിയെന്നും നേതാവ് പറയുന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് നിരവധി പേര്‍ പുറത്തിറങ്ങി പടക്കള്‍ പൊട്ടിച്ചിരുന്നു. പടക്കള്‍ പൊട്ടിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ ബില്‍ഡിംഗിന് തീപിടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ വിശദീകരണം.

Exit mobile version