‘എനിക്ക് ഹിന്ദി മനസ്സിലാകും; ആ പരിഹാസം തിരിച്ചറിയുന്നു’; സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രചാരണ ആയുധമാക്കുന്നതിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതിരോധമന്ത്രി

സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എന്തിനാണ് സര്‍ക്കാര്‍ അതുതന്നെ 'കൊട്ടിഘോഷിക്കുന്നത്' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ഭോപ്പാല്‍: ‘എനിക്ക് ഹിന്ദി മനസ്സിലാകും നിങ്ങളുടെ വാക്കുകളിലെ പരിഹാസച്ചുവ തിരിച്ചറിയുന്നു, അത് എന്നെ വേദനിപ്പിച്ചു’ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രചാരണ ആയുധമാക്കുന്ന ബിജെപി നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകരോട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രതിരോധമന്ത്രിയെ ചോദ്യം ചെയ്യുകയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍.

സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും എന്തിനാണ് സര്‍ക്കാര്‍ അതുതന്നെ ‘കൊട്ടിഘോഷിക്കുന്നത്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപി 2016ല്‍ നടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് ആണ് പ്രചാരണ ആയുധമാക്കുന്നത്. നിയന്ത്രണരേഖ കടന്ന് സൈന്യം ഭീകരരുടെ താവളത്തില്‍ എത്തി ആക്രമണം നടത്തി തിരിച്ചുപോന്നതാണ് അമിത് ഷാ അടക്കമുള്ളവര്‍ പ്രചാരണത്തില്‍ ഉയര്‍ത്തികാട്ടുന്നത്. ഇത്തരം സൈനിക നടപടികളെ പൊതുവേദിയില്‍ ഉയര്‍ത്തികാട്ടുന്നത് അഭിലക്ഷണീയമാണോ? സൈനികര്‍ക്ക് വേണ്ടിയാണെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത്തരം സൈനിക നടപടികള്‍ ഒന്നും നടത്തിയിരുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

എന്നാല്‍ ‘എല്ലാവരും ഈ സൈനിക നടപടിയെ പ്രകീര്‍ത്തിക്കണം, ശത്രുവിനെ തുരത്തിയതില്‍ എന്തിനാണ് നാം ലജ്ജിക്കുന്നത്? ഭീകരരുടെ സഹായത്തോടെ അവര്‍ നമ്മുടെ സൈനികരെ ആക്രമിച്ചു. നാം ആ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി’ മന്ത്രി മറുപടി നല്‍കി. മാതൃനാടിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. അതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ ഓര്‍ത്ത് ലജ്ജിക്കുകയാണോ വേണ്ടത്? മന്ത്രി തിരിച്ചടിച്ചു.

നിങ്ങളുടെ ചോദ്യത്തിന്റെ ഗൂഢമായ ഭാഷ താന്‍ തിരിച്ചറിയുന്നു. അതില്‍ തനിക്ക് വേദനയുണ്ട്. അദ്ദേഹം അത് ഉദ്ദേശിച്ചില്ലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ മന്ത്രിയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.

Exit mobile version