എൻപിആറിന് പിന്തുണ തേടി കേന്ദ്രസർക്കാരിന്റെ യോഗം ഇന്ന് ഡൽഹിയിൽ; പങ്കെടുക്കില്ലെന്ന് മമത; സെൻസസ് ആകാമെന്ന് കേരളം

ന്യൂഡൽഹി: പ്രതിഷേധിക്കുന്ന ജനങ്ങളും സർക്കാരുകളും എൻപിആർ നടപടികളോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ
സമവായത്തിന് ശ്രമിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെയും സെൻസസിന്റെയും നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച യോഗം ഇന്ന് ന്യൂഡൽഹിയിൽ ചേരും. എന്നാൽ, പശ്ചിമ ബംഗാളിൽ നിന്ന് ഒരു ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.

അതേസമയം, ബംഗാൾ യോഗം ബഹിഷ്‌കരിച്ചെങ്കിലും കേരളം ഇതോടൊപ്പം ചേർന്നിട്ടില്ല. എൻപിആർ കേരളത്തിൽ നടപ്പാക്കില്ലെന്നും എന്നാൽ സെൻസസുമായി സഹകരിക്കുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാകും കേരളത്തിൽ നിന്ന് യോഗത്തിനെത്തുക. എൻപിആറിനും സെൻസസിനും വീടുകൾ കയറിയുള്ള വിവരശേഖരണം ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയായിരിക്കും.

അതേസമയം, എൻപിആറുമായി കേരളവും പശ്ചിമ ബംഗാളും നിസഹകരണം പ്രഖ്യാപിച്ചെങ്കിലും കേരളവും ബംഗാളും ഒടുവിൽ വഴങ്ങുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. കേരളവും ബംഗാളും എൻപിആർ പ്രവർത്തനങ്ങൾ നിർത്തിവെച്ചെങ്കിലും ഉപേക്ഷിച്ചതായി പറഞ്ഞട്ടില്ല.

Exit mobile version