ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ദൗത്യം വിജയം; ജിസാറ്റ് 30 ബഹിരാകാശത്തെത്തി

ഫ്രഞ്ച് ഗയാന: വീണ്ടും രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച് ഇന്ത്യൻ സ്‌പേയ്സ് റിസർച്ച് ഒർഗനൈസേഷൻ. ഐഎസ്ആർഒ നിർമ്മിച്ച ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്. പുലർച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോർട്ടിൽ നിന്ന് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്‌പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം നടത്തിയത്. യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചു.

അതേസമയം, ഈ നേട്ടം 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യവിജയമായി ചരിത്രത്തിലിടവും നേടി. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിഎച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എൻജി, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ജിസാറ്റ് 30 സഹായകരമാകും.

ഇന്ത്യൻ പ്രക്ഷേപകർക്ക് ഏഷ്യയുടെ മധ്യപൂർവ്വ മേഖലകളിലും, ഓസ്‌ട്രേലിയയിലും പ്രക്ഷേപണം നടത്താൻ ജി-സാറ്റ് 30 വഴി സാധിക്കും. ഉപഗ്രഹത്തിന് 15 വർഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആർഒയുടെ കണക്കുകൂട്ടൽ. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30.

Exit mobile version