നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് കെജരിവാൾ സർക്കാരിന്റെ അവഗണന കൊണ്ട്; ആരോപണവുമായി കേന്ദ്രമന്ത്രി ജാവദേക്കർ

ന്യൂഡൽഹി: ഡൽഹിയിലെ അരവിന്ദ് കെജരിവാൾ സർക്കാരിന്റെ വീഴ്ചയാണ് നിർഭയ കേസിൽ നീതി വൈകിക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. 2012-ൽ ഡൽഹിയിൽ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ വൈകുന്നത് ഡൽഹി സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. നീതി വൈകിക്കുന്നത് ആം ആദ്മിയാണ്. കഴിഞ്ഞ രണ്ടര വർഷത്തിനിടയ്ക്ക് ദയാഹർജി നൽകുന്നതിന് പ്രതികൾക്ക് നോട്ടീസ് നൽകാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

നാലു പ്രതികളിൽ ഒരാൾ ദയാഹർജി നൽകിയതോടെ മരണ വാറണ്ടിൽ പറഞ്ഞിരിക്കുന്ന ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാരും പോലീസും തിഹാർ ജയിൽ അധികൃതരും ബുധനാഴ്ച ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് ഉറപ്പായത്. പ്രതി മുകേഷ് കുമാർ സമർപ്പിച്ചിരിക്കുന്ന ദയാഹർജിയിൽ തീർപ്പുകൽപ്പിച്ച ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്നാണ് സർക്കാരും പോലീസും ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം, കേസിൽ വിധി വന്ന് രണ്ടു വർഷത്തിലേറെ കഴിഞ്ഞിട്ടും തിരുത്തൽ ഹർജിയും ദയാ ഹർജിയും നൽകാൻ വൈകിപ്പിച്ചത് എന്തിനെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പ്രതികൾ ഇത്തരത്തിൽ പല തവണകളായി ഹർജികൾ സമർപ്പിക്കുന്നത് നിയമത്തിന്റെ നടപടി ക്രമത്തെ പരാജയപ്പെടുത്താനാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ വാദിച്ചിരുന്നു. ഈ മാസം 22 ന് രാവിലെ ഏഴു മണിക്ക് നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കാണ് ഡൽഹി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണവും നടന്നിരുന്നു.

Exit mobile version