ഒമർ അബ്ദുള്ളയെ സർക്കാർ അതിഥി മന്ദിരത്തിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റും; രാഷ്ട്രീയം ഉപേക്ഷിച്ച് ബ്രിട്ടനിലേക്ക് പോകാമോയെന്ന് ചോദിച്ചും കേന്ദ്രം

ശ്രീനഗർ: ജമ്മു കാശ്മീരിന്റെ വിഭജനം നടത്തി പ്രത്യേക അധികാരം എടുത്തു കളഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും താഴ്‌വരയിലെ രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിൽ നിന്നും മോചിപ്പിക്കാൻ തയ്യാറാകാതെ കേന്ദ്ര സർക്കാർ. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന സർക്കാർ അതിഥി മന്ദിരത്തിൽനിന്ന് മറ്റൊരു സർക്കാർ കെട്ടിടത്തിലേക്ക് മാറ്റുമെന്നാണ് ഇതിനിടെ പുറത്തുവരുന്ന വിവരം. ഗുപ്കർ റോഡിലെ സർക്കാർ വസതിയിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അദ്ദേഹം വീട്ടുതടങ്കലിൽ തന്നെ തുടരും.

മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്രാൻസ്പോർട്ട് ലെയ്നിലുള്ള അതിഥി മന്ദിരത്തിൽ തന്നെ വീട്ടുതടങ്കലിൽ തുടരും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പുതിയ ീരുമാനമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരുടെ പ്രതിനിധി സംഘവും കാശ്മീർ സന്ദർശിക്കുന്നുണ്ട്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കുകയും കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയത്. ഇവർക്കൊപ്പം മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളേയും കരുതൽ തടങ്കലിലാക്കിയിരുന്നു. താൽക്കാലികമായി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന വ്യവസ്ഥയിൽ ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും മോചിപ്പിക്കാൻ നീക്കം നടക്കുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരെയും ബ്രിട്ടനിലേക്ക് പോകാൻ അനുവദിക്കുമെന്നും വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണോയെന്ന് ആരായാൻ അധികൃതർ ഇരുവരെയും സമീപിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

Exit mobile version