തെരഞ്ഞെടുപ്പ് ഗോദയിൽ ബിജെപി പൊടിച്ചത് 1264 കോടി രൂപ; നാല് സംസ്ഥാനങ്ങൾക്ക് മാത്രം 755 കോടി

ന്യൂഡൽഹി: ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി പൊടിപൊടിച്ചത് ഭീമൻ തുക. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കുമായി 1264 കോടി രൂപയാണ് ദേശീയ പാർട്ടി ചെവഴിച്ചതെന്ന് കണക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷനു മുൻപാകെ ബിജെപി സമർപ്പിച്ച എക്സ്‌പെൻഡിച്ചർ സ്റ്റേറ്റ്മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കിയത്. 2014ൽ ബിജെപി ചെലവിട്ട തുകയിൽ നിന്നും 77 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ കക്ഷികളിൽ ഏറ്റവും കൂടുതൽ പണമെത്തിയതും ബിജെപിയുടെ അക്കൗണ്ടിലായിരുന്നു. 2410.08 കോടി രൂപ. സംഭാവനകളിൽ നിന്നാണ് ഈ തുകയുടെ സിംഹഭാഗവും സ്വന്തമാക്കിയത്. ആകെ ലഭിച്ച സംഭാവനയുടെ പകുതിയോളം തെരഞ്ഞെടുപ്പിനായി ചെലവഴിക്കുകയും ചെയ്തു.

പട്ടിക തിരിച്ച് സമർപ്പിച്ച രേഖയിൽ 1264 കോടി ചെലവഴിച്ചതിൽ 1078 കോടി രൂപ പാർട്ടി പ്രചാരണത്തിനും, 186.5 കോടി രൂപ മത്സരാർത്ഥികൾക്കുമായാണെന്നും പാർട്ടി വ്യക്തമാക്കി. മത്സരാർത്ഥികളുടെ മാധ്യമ പ്രചാരണത്തിനായി 6.33 കോടി രൂപ ചെലവിട്ടു. പൊതുയോഗങ്ങൾക്കും തെരഞ്ഞെടുപ്പ് ജാഥകൾക്കുമായി 9.91 കോടി രൂപയാണ് ചെലവിട്ടത്.

അരുണാചൽ പ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം 755 കോടി രൂപയാണ് ബിജെപി ചെലവാക്കിയത്. ഇതിൽ 175.68 കോടി രൂപ ചെലവിട്ടത് സെലിബ്രിറ്റികളുടെ പ്രചാരണ പരിപാടികൾക്കായാണ്. അതേസമയം, കോൺഗ്രസ് 820 കോടി രൂപയാണ് 2019 തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവിട്ടത്. 2014ൽ ഇത് 516 കോടി രൂപയായിരുന്നു.

Exit mobile version