വിഡി സവർക്കറുടെ ചിത്രമുള്ള നോട്ട്ബുക്ക് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ച പ്രിൻസിപ്പാൾ; കൈയ്യോടെ സസ്‌പെൻഷൻ കൊടുത്ത് സർക്കാരും

ഭോപ്പാൽ: സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ആർഎസ്എസ് സൈദ്ധാന്തികൻ വിഡി സവർക്കറുടെ ചിത്രമുള്ള നോട്ട്ബുക്ക് വിതരണം ചെയ്തതതിന് മധ്യപ്രദേശിൽ സ്‌കൂൾ പ്രിൻസിപ്പാളിന് സസ്‌പെൻഷൻ. രണ്ട് മാസത്തേക്കാണ് സർക്കാർ പ്രിൻസിപ്പാൾ ആർഎൻ കെരാവത്തിനെ സസ്‌പെന്റ് ചെയ്തത്. മൽവാസ സർക്കാർ സ്‌കൂളിന്റെ പ്രിൻസിപ്പാളായ കെരാവത്തിനെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. റത്‌ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെസി ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. സവർക്കർ മഞ്ച് എന്ന സംഘടനയാണ് കഴിഞ്ഞ വർഷം നവംബറിൽ സ്‌കൂളിൽ സൗജന്യമായി സവർക്കറുടെ കവർ ചിത്രമുള്ള നോട്ട്ബുക്കുകൾ വിതരണം ചെയ്തത്. പരാതികൾ ഉയർന്നതോടെ കെരാവത്തിനെതിരെ അന്വേഷണം നടത്തുകയുമായിരുന്നു.

അതേസമയം, കെരാവത്തിനെതിരായുള്ള നടപടിക്കെതിരെ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ശിവ്‌രാജ് സിങ് ചൗഹാൻ രംഗത്ത് വന്നു. രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങിയിട്ടുള്ള അധ്യാപകനാണ് കെരാവത്തെന്നും സ്‌കൂളിന് നൂറ് ശതമാനം വിജയം കൊണ്ട് വന്ന അദ്ദേഹത്തിനെതിരെയുള്ള നടപടി അസഹ്യപ്പെടുത്തുകയാണെന്നും ചൗഹാൻ പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ പേരിലുള്ള നടപടിയിൽ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ചിന്ത കാരണം സ്വന്തം രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പോലും മുഖ്യമന്ത്രി കമൽനാഥ് അവഹേളിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ പ്രിൻസിപ്പാളിന്റെ സസ്‌പെൻഷൻ വിഷയത്തിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സർക്കാരിന്റെ ചട്ടങ്ങൾ അനുസരിച്ചാണ് നടപടിയെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.

Exit mobile version