ഏഴു ലക്ഷം വിലമതിക്കുന്ന ആഭരണം മോഷ്ടിച്ചെന്ന് അയല്‍ക്കാരന്റെ പരാതി; പോലീസ് മനോവൈകല്യമുള്ള യുവാവിനെ അമ്മയുടെ മുന്നിലിട്ട് അടിച്ചുകൊന്നു

ഹേമന്ദിന്റെ അമ്മ റീനു കുമാര്‍ ആണയിട്ടു പറഞ്ഞിട്ടും പോലീസ്‌ചെവികൊണ്ടില്ല. പിന്നീട് സ്റ്റേഷനില്‍ എത്തി പോലീസുകാരുടെ കാലുപിടിച്ച് മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.

ആഗ്ര: അയല്‍ക്കാരന്റെ മോഷണപരാതിയില്‍ അന്വേഷണം നടത്തുന്ന പോലീസ് മനോവൈകല്യമുള്ള യുവാവിനെ അമ്മയുടെ മുന്നിലിട്ട് അടിച്ചുകൊന്നു. ഹേമന്ദ് കുമാര്‍ (രാജു-32) ആണ് കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ആഗ്രയിലെ സികന്ദ്ര സ്റ്റേഷനിലാണ് സംഭവം. പിന്നാലെ നടപടിയുടെ ഭാഗമായി സ്റ്റേഷനിലെ നാല് പോലീസുകാരെ സസ്പെന്റു ചെയ്തു. ഇവര്‍ക്കതിരെ കേസെടുത്തതായും എസ്പി അമിത് പതക് അറിയിച്ചു.

ബുധനാഴ്ചയാണ് സംഭവം. ഏഴു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചുവെന്ന് കാണിച്ച് അയല്‍വാസി നല്‍കിയ പരാതിയിലാണ് ഹേമന്ദ് കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ തന്റെ മകന്‍ മനോവൈകല്യമുള്ളയാളാണെന്നും മോഷണം നടത്തിയിട്ടില്ലെന്നും ഹേമന്ദിന്റെ അമ്മ റീനു കുമാര്‍ ആണയിട്ടു പറഞ്ഞിട്ടും പോലീസ്‌ചെവികൊണ്ടില്ല. പിന്നീട് സ്റ്റേഷനില്‍ എത്തി പോലീസുകാരുടെ കാലുപിടിച്ച് മകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ അമ്മയുടെ മുന്നിലിട്ട് അവര്‍ മകനെ ലാത്തികൊണ്ട് തല്ലച്ചതക്കുകയായിരുന്നു. അമ്മയെ ആറുമണിയോടെ വീട്ടിലേക്ക് അയച്ച് മകനെ ലോക്കപ്പില്‍ പൂട്ടുകയായിരുന്നു. രാത്രി ഒമ്പതുമണിയോടെ പോലീസുകാര്‍ വിളിച്ച് മകന്‍ മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും റീനു കുമാര്‍ പറഞ്ഞു.

കസ്റ്റഡി മരണം വിവാദമായതോടെ വെള്ളിയാഴ്ചയാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയെന്നും പോലീസ് അറിയിച്ചു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ (ഹൃദയാഘാതം) ആണ് മരണകാരണമെന്നും തോളിലും കൈകാലുകളിലും ചെറിയ മുറിവുകള്‍ ഉണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസിന് ഹേമന്ദിനെ കൈമാറുന്നതിനു മുന്‍പ് അയല്‍വാസികള്‍ മര്‍ദ്ദിച്ചിരുന്നുവെന്നും അതിന്റെ പേരില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Exit mobile version