കടക്ക് പുറത്ത്; രോഗികളോട് സംസാരിക്കുന്നതിനിടെ ഇടപെട്ട ഡോക്ടറോട് ദേഷ്യപ്പെട്ട് അഖിലേഷ് യാദവ്

ലഖ്‌നൗ: രോഗികളോട് സംസാരിക്കുന്നതിനിടെ ഇടപെട്ട ഡോക്ടറോട്് ദേഷ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറോടാണ് അഖിലേഷ് ചൂടായത്. സംഭവത്തിന്റ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ എത്തിയതാണ് അഖിലേഷ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരോട് അഖിലേഷ് സംസാരിക്കുകയായിരുന്നു. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടര്‍ ഇടപെടുകയായിരുന്നു.

എന്നാല്‍ ഡോക്ടറുടെ പെരുമാറ്റം അഖിലേഷിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചു.
ഡോക്ടറോട് പുറത്ത് കടക്കാന്‍ അഖിലേഷ് പറയുന്നതും വീഡിയോയില്‍ കാണാം. എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ ഡിഎസ് മിശ്രയോടാണ് അഖിലേഷ് ദേഷ്യത്തില്‍ സംസാരിച്ചത്. സര്‍ക്കാരിന് വേണ്ടിയായിരിക്കും നിങ്ങള്‍ വാദിക്കുന്നതെന്നും നിങ്ങള്‍ ആര്‍എസ്എസില്‍ നിന്നോ ബിജെപിയില്‍ നിന്നോ ആയിരിക്കുമെന്നും അഖിലേഷ് പറയുന്നത് കേള്‍ക്കാം.

രോഗികള്‍ പറയുന്നത് നിങ്ങള്‍ എനിക്ക് വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത കാര്യം നിങ്ങള്‍ എന്നില്‍ നിന്ന് മറച്ചുവച്ചുവെന്നും അഖിലേഷ് ചോദിച്ചു. അതേസമയം. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ചെക്ക് കൈമാറിയിട്ടുണ്ടെന്ന് ഡോക്ടര്‍ വിശദീകരിച്ചു. അതിനിടെ രോഗികളില്‍ ഒരാള്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അഖിലേഷിനോട് പറഞ്ഞു.

Exit mobile version