പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും; കേന്ദ്രത്തിനെതിരെ തിരിഞ്ഞ് കൂടുതൽ സംസ്ഥാനങ്ങൾ

ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടികയ്ക്ക് എതിരെ ശക്തമായ നിലപാടുമായി കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്.ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രി മെഹമൂദ് അലിയാണ് പ്രഖ്യാപിച്ചത്. ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന. മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റ് രാജ്യങ്ങളിൽ ഹിന്ദുക്കൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് ഇന്ത്യയിൽ പൗരത്വം നൽകാം. എന്നാൽ ഈ രാജ്യത്തെ ജനങ്ങളെ എന്തിനാണ് ലക്ഷ്യം വെയ്ക്കുന്നത്? അവരെ ബുദ്ധിമുട്ടിലാക്കുന്നത്? രാജ്യത്തെ ജനങ്ങൾക്കിടയിൽ ആവശ്യമില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് ജനങ്ങൾ സൂക്ഷിച്ചുവെക്കാറില്ല’. തെലങ്കാനയിൽ എൻആർസി നടപ്പാക്കില്ലെന്ന് നിങ്ങൾക്ക് ഞാൻ വാഗ്ദാനം നൽകുന്നെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം, പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനേയും എൻആർസിയേയും എതിർത്തെങ്കിലും ഇതാദ്യമായാണ് പൗരത്വ പട്ടികയെ സംബന്ധിച്ച് തെലങ്കാന സർക്കാർ നിലപാട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മൗനത്തിലാണ്. നേരത്തെ തെലങ്കാനയിൽ എൻആർസി നടപ്പാക്കരുതെന്ന് മജ്ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ പട്ടികയിൽ ചന്ദ്രശേഖര റാവു മികച്ച തീരുമാനമെടുക്കുമെന്നും കേരളത്തെ പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റർ തെലങ്കാന സർക്കാർ സ്റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി നേരത്തെ പറഞ്ഞിരുന്നു. കേരളം, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ എൻആർസി നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version