അയല്‍രാജ്യങ്ങളില്‍ പോളിയോ ഭീഷണി; രാജ്യത്ത് നിര്‍ത്തിവെച്ച തുള്ളിമരുന്ന് വിതരണം വീണ്ടും തുടങ്ങും

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍നിന്നുള്ള പോളിയോ ഭീഷണിമൂലം രാജ്യത്ത് നിര്‍ത്തിവെച്ച പോളിയോ തുള്ളിമരുന്നുവിതരണം വീണ്ടും തുടങ്ങുന്നു. ഈമാസം 19-നാണ് രാജ്യംമുഴുവന്‍ ഒറ്റദിവസം വീണ്ടും പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളേയാണ് പോളിയോ കൂടുതലും ബാധിക്കുന്നത്.

രാജ്യത്ത് പോളിയോ നിര്‍മാര്‍ജനം ചെയ്തിരുന്നു. 2014-മാര്‍ച്ച് 27-ന് ലോകാരോഗ്യസംഘടന ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു. എന്നാല്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ പോളിയോരോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതേതുടര്‍ന്നാണ് രാജ്യത്ത് നിര്‍ത്തിവെച്ച പോളിയോ തുള്ളിമരുന്നുവിതരണം വീണ്ടും തുടങ്ങുന്നത്.

കേരളത്തില്‍ 2000-ത്തില്‍ മലപ്പുറം ജില്ലയിലാണ് അവസാന പോളിയോബാധ റിപ്പോര്‍ട്ട് ചെയ്തത്. 2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ല്‍ ഇതരസംസ്ഥാനക്കാര്‍ക്ക് മാത്രമായി മരുന്നുനല്‍കി. എന്നാല്‍ കഴിഞ്ഞമാസം 28-ന് ചേര്‍ന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020,21 വര്‍ഷങ്ങളില്‍ക്കൂടി തുള്ളിമരുന്ന് നല്‍കാന്‍ തീരുമാനമെടുത്തത്.

ലോകമെമ്പാടും ലക്ഷക്കണക്കിന് പേര്‍ക്ക് അംഗവൈകല്യമുണ്ടാക്കിയ വൈറസാണ് പോളിയോ. രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് പകരുന്നത്. വയറ്റിലൂടെ ശരീരത്തിലെത്തി നാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കും. ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല. പ്രതിരോധമാണ് ഫലപ്രദം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളേയാണ് കൂടുതല്‍ ബാധിക്കുന്നത്.

Exit mobile version