വിദ്യാഭ്യാസമുള്ളവരെ വീണ്ടും പഠിപ്പിക്കേണ്ട അവസ്ഥയാണ്; മതപീഡനം അനുഭവിക്കുന്നവർക്കാണ് ഈ നിയമം; മൈക്രോസോഫ്റ്റ് സിഇഒ നാദല്ലെയെ വിമർശിച്ച് ബിജെപി എംപി

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി. വിദ്യാഭ്യാസമുള്ളവരെ വീണ്ടും പഠിപ്പിക്കേണ്ടതിന്റെ ഉത്തമോദാഹരണമാണ് സത്യ നാദല്ലെയെന്നാണ് ബിജെപി എംപി മീനാക്ഷി ലേഖി വിമർശിച്ചത്. ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്നായിരുന്നു സത്യ നാദല്ലെ പറഞ്ഞത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ദുഖകരമാണ്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന കുടിയേറ്റക്കാരൻ അടുത്ത ഇൻഫോസിസ് സിഇഒ ആയി കാണാനാണ് താൻ താൽപര്യപ്പെടുന്നതെന്നും സത്യ നാദല്ലെ പറഞ്ഞിരുന്നു. മാധ്യമ സ്ഥാപനമായ ബസ്ഫീഡിന്റെ എഡിറ്ററായ ബെൻ സ്മിത്തിനോടായിരുന്നു പ്രതികരണം.

അതേസമയം, മതപരമായ പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂന പക്ഷങ്ങൾക്ക് വേണ്ടിയാണ് ദേശീയ പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ഇതിനോട് പ്രതികരിച്ചു. അമേരിക്കയിലെ യസീദികൾക്ക് പകരമായി സിറിയൻ മുസ്‌ലിമുകൾക്ക് ഇത്തരം അവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും മീനാക്ഷി ലേഖി ചോദിച്ചു.

എല്ലാ രാജ്യങ്ങൾക്കും അതിർത്തി നിർണയത്തിന് അവരുടേതായ പോളിസികൾ ഉണ്ടാവും. എന്നാൽ ജനാധിപത്യ രാജ്യങ്ങളിൽ ഇത് ജനങ്ങളും അവരുടെ സർക്കാരും തമ്മിൽ ചർച്ച ചെയ്ത് നടക്കേണ്ട വിഷയമാണ്. ഇന്ത്യയിൽ വളർന്ന് അമേരിക്കയിൽ കുടിയേറിയ വ്യക്തിയെന്ന നിലയിൽ വിവിധ സംസ്‌കാരങ്ങളിലൂന്നിയുള്ളതാണ് തന്റെ പൈതൃകം. കുടിയേറി വരുന്നവർക്കും ഇന്ത്യൻ സമൂഹത്തിനും സാമ്പത്തിക രംഗത്തിനും സംഭാവനകൾ നൽകാൻ സാധിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്നും സത്യ നാദല്ലെ പറഞ്ഞിരുന്നു. രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഐടി മേഖലയിൽ നിന്ന് പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ആദ്യ പ്രതികരണമായി സത്യ നാദല്ലെ രംഗത്തെത്തിയത്.

Exit mobile version