‘ പൗരത്വ നിയമത്തിലും ബിജെപി സഖ്യ വിഷയത്തിലും പ്രതികരിക്കരുത്’ ; നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി അണ്ണാ ഡിഎംകെ

പൗരത്വ നിയമത്തിനെതിരെ അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനും ബിജെപി സഖ്യ വിഷയത്തിലും പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി അണ്ണാ ഡിഎംകെ. പൗരത്വ നിയമത്തിനെതിരെ അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് പൗരത്വ നിയമ വിഷയത്തില്‍ അണ്ണാഡിഎംകെയില്‍ പൊട്ടിത്തെറിയുണ്ടായത്.

പരാജയ കാരണം പൗരത്വ നിയമ ഭേദഗതിയില്‍ സ്വീകരിച്ച നിലപാടെന്ന് മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ അന്‍വര്‍ രാജ തുറന്നടിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രസ്താവനയുമായി മന്ത്രി നീലോഫര്‍ കഫീല്‍ രംഗത്തെത്തിയിരുന്നു.

അതേസമയം, തമിഴ്‌നാട്ടില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ അനുവദിക്കില്ല, അത്തരം നീക്കമുണ്ടായാല്‍ എതിര്‍ക്കുമെന്നും മന്ത്രി ആര്‍ബി ഉദയകുമാര്‍ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പളനി സ്വാമിയുടെ മണ്ഡലത്തില്‍ പോലും അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട സാഹചര്യത്തില്‍ ഭിന്നത രൂക്ഷമായിരുന്നു.

Exit mobile version