പ്രസ്താവന ഇറക്കാതെ പാകിസ്താൻ അധീന കാശ്മീർ പിടിച്ചടക്കാൻ കരസേന മേധാവിയെ അയക്കൂവെന്ന് കേന്ദ്രത്തോട് ശിവസേന; വീണ്ടും കോൺഗ്രസും ശിവസേനയും രണ്ട് തട്ടിൽ

ന്യൂഡൽഹി: പാകിസ്താൻ അധീന കാശ്മീർ തിരിച്ചുപിടിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ശിവസേന. തുക്‌ഡെ തുക്‌ഡെ സംഘങ്ങളെ കുറിച്ച് പ്രസ്താവനകൾ ഇറക്കാതെ പാക് അധീന കാശ്മീർ തിരിച്ചുപിടിക്കാൻ കരസേനാ മേധാവിയെ അയക്കണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. പാക് അധീന കാശ്മീരിലെ തുക്‌ഡെ സംഘങ്ങളെ തുടച്ചുനീക്കാൻ ഇന്ത്യയുടെ ഭൂപടം നൽകി കരസേന മേധാവിയെ അയക്കണമെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ആവശ്യപ്പെടുന്നത്.

കേന്ദ്രസർക്കാർ ഉത്തരവിടുകയാണെങ്കിൽ പാക് അധീന കാശ്മീർ തിരിച്ചുപിടിക്കുമെന്ന് കരസേന മേധാവി ജനറൽ നർവാനെ പ്രസ്താവന നടത്തിയിരുന്നു. ഇതേറ്റ് പിടിച്ചാണ് ശിവസേനയുടെ ആവശ്യം. എന്നാൽ, നേരത്തെ സംസാരം കുറച്ച് കൂടുതൽ ജോലിയെടുക്കൂ എന്ന് കരസേന മേധാവിയെ ഉപദേശിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ഭരണകക്ഷികളായ കോൺഗ്രസും ശിവസേനയും സമാന വിഷയത്തിൽ വ്യത്യസ്ത നിലപാടെടുത്ത് വീണ്ടും രംഗത്തെത്തിയത് ഇതോടെ ചർച്ചയാവുകയാണ്.

ഭൂരിഭാഗം തീവ്രവാദ പരിശീലന കേന്ദ്രങ്ങളും പാക് അധീന കാശ്മീരിലാണ് പ്രവർത്തിക്കുന്നതെന്നും പാകിസ്താൻ സൈന്യത്തിന്റെയും ഐഎസ്‌ഐയുടേയും പിന്തുണയോടെയാണ് പ്രവർത്തിച്ചു വരുന്നതെന്നും ശിവസേന സാമ്‌നയിലെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. മിന്നലാക്രമണം നടത്തിയിട്ടും പാകിസ്താൻ ശീലങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കാശ്മീരിലെ ജവാൻമാരുടെ വീരമൃത്യു, കാശ്മീരിലെ പ്രശ്‌നങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് വേണ്ടിയാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും സാമ്‌നയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കൂടാതെ ജനറൽ നർവാനെയുടെ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നു. 1994ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രമേയത്തിൽ പാക് അധീന കാശ്മീർ ഉൾപ്പെടുന്ന ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയിരുന്നു. പാക് അധീന കാശ്മീർ തിരിച്ചു പിടിക്കാൻ മോഡി-അമിത് ഷാ സർക്കാർ ഉത്തരവിടണമെന്നും അത് ഇന്ത്യക്ക് സ്വന്തമായാൽ സവർക്കരുടെ അഖണ്ഡ ഭാരതം എന്ന സ്വപ്‌നം സഫലമാകുമെന്നും സാമ്‌നയിൽ പറയുന്നു.

Exit mobile version