ട്രെയിനില്‍ പഴകിയ ഭക്ഷണം നല്‍കി; യാത്രക്കാരുടെ പരാതിയില്‍ കരാറുകാരന് ഒരു ലക്ഷം രൂപ പിഴ!

ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: ട്രെയിനില്‍ നിന്നും പഴകിയ ഭക്ഷണം വിളമ്പുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്.

തേജസ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നല്‍കിയെന്ന് പരാതി ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഈ ആഴ്ചയിലെ രണ്ടാമത്തെ പരാതിയാണിത്.

ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി നല്‍കാമെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. പഴകിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ ഛര്‍ദ്ദിച്ചിരുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തിച്ച് പറഞ്ഞിട്ടും തങ്ങള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

അതേസമയം, യാത്രക്കാര്‍ക്ക് ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെക്കുറിച്ച് അറിയില്ലെന്നാണ് ഐആര്‍സിറ്റിസി നല്‍കുന്ന വിശദീകരണം. ചൂടോടെ പാക്ക് ചെയ്തത് കൊണ്ടാണ് പുലാവ് ചീത്തയായതും പഴകിയ ഗന്ധം വന്നതും. എന്നാല്‍ യാത്രക്കാര്‍ വൈദ്യസഹായം ആവശ്യപ്പെട്ടതിനെ ക്കുറിച്ച് അറിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഭക്ഷണത്തിന്റെ കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version