പൗരത്വ ഭേദഗതി നിയമം; ഒരു ഭാഗത്ത് പ്രതിഷേധം തുടരുമ്പോള്‍ കോണ്‍ഗ്രസില്‍ മറുഭാഗത്ത് നിയമത്തിന് പിന്തുണ കൂടുന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍ പാര്‍ട്ടിയെ വെട്ടിലാക്കി നിയമത്തെ പിന്തുണച്ച് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. മധ്യപ്രദേശിലെ സുവസരയില്‍ നിന്നുള്ള ഹര്‍ദീപ് സിംഗ് ദങ്ങ് എന്ന എംഎല്‍എയാണ് നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അസംതൃപ്തരായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റിലെന്നായിരുന്നു ഹര്‍ദീപ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ഹര്‍ദീപ് രംഗത്തെത്തി. താന്‍ പറഞ്ഞത് പൗരത്വ നിയമത്തേയും എന്‍ആര്‍സിയേയും വേര്‍തിരിച്ച് കാണണമെന്നാണെന്ന് ഹര്‍ദീപ് പറഞ്ഞു.

എന്‍ആര്‍സിയേയും പൗരത്വ നിയമത്തേയും വേര്‍തിരിച്ച് കണ്ടാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ദീപ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version