മഹാമനസ്‌കനായ എടിഎം! 100 രൂപ ചോദിച്ചവർക്കെല്ലാം 500 രൂപ നൽകി; ഒടുവിൽ ബാങ്ക് ചോദിച്ചിട്ടും പണം തിരിച്ച് നൽകാതെ ഉപഭോക്താക്കളും

ബംഗളൂരു: എടിഎം മെഷീനിൽ പണം നിറയ്ക്കുന്നതിനിടെ ഉണ്ടായ പിഴവിനെ തുടർന്ന് എടിഎം മെഷീൻ പണം എടുക്കാനെത്തിയവർക്കെല്ലാം പണം വാരിക്കോരി നൽകി. നൂറു രൂപ പിൻവലിക്കാൻ എത്തിയവർക്ക് 500 രൂപ നൽകിയാണ് എടിഎം വിശാല മനസ്‌കനായത്. കനറാ ബാങ്ക് എടിഎം മെഷീനിലാണ് ഈ പിഴവ് സംഭവിച്ചത്. കൊഡഗു ജില്ലയിലെ മടിക്കേരിയിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്.

എടിഎം പണം കൈകാര്യം ചെയ്യുന്ന ഏജൻസിക്ക് പറ്റിയ പിഴവിനെ തുടർന്നായിരുന്നു ഈ മറിമായം. ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് നൂറിന് പകരം അഞ്ഞൂറിന്റെ നോട്ടുകളാണ് ലഭിച്ചത്. എടിഎം മെഷീനിൽ നൂറുരൂപയ്ക്ക് പകരം പണം നിറയ്ക്കേണ്ട ട്രേയിൽ ഏജൻസി നിറച്ചത് 500 രൂപയായിരുന്നു. ഇതേ തുടർന്ന് ഏകദേശം 1.7 ലക്ഷം രൂപ എടിഎം മെഷീനിൽ നിന്നും തെറ്റായി പിൻവലിക്കപ്പെട്ടു. നൂറിന് പകരം അഞ്ഞൂറുരൂപ കൈയിൽ കിട്ടിയ ഉപയോക്താക്കളിൽ ഒരാൾ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഏജൻസിയുമായി ബന്ധപ്പെട്ട ബാങ്ക് പണം തിരികെ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവരെ ബാങ്ക് തിരിച്ചറിഞ്ഞു. അതേസമയം, 65,000 രൂപ വീതം എടിഎമ്മിൽ നിന്ന് പിൻവലിച്ച രണ്ടുപേർ പണം തിരികെ നൽകാൻ വിസമ്മതിച്ചത് ബാങ്കിന് തലവേദനയായി. ബാങ്കിന് പറ്റിയ തെറ്റാണ് ഇതെന്നും അതുകൊണ്ട് തങ്ങൾ പണം മടക്കി നൽകില്ലെന്നും ഇവർ വാദിച്ചു. ഒടുവിൽ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഏജൻസി പോലീസിന്റെ സഹായം തേടുകയും, പോലീസ് ഇടപെട്ടതിനെ തുടർന്ന് അവർ പണം മടക്കി നൽകുകയും ചെയ്തു.

Exit mobile version