ജെഎൻയു ആക്രമണത്തിൽ പുറത്തുനിന്നുള്ളവരും പങ്കെടുത്തു; ഹോസ്റ്റലുകളിൽ അനധികൃതമായി നിരവധിപേർ താമസിക്കുന്നെന്നും വിസി ജഗദീഷ് കുമാർ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു)യിൽ ഞായറാഴ്ച ഉണ്ടായ ആക്രമണത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ ഡൽഹി പോലീസ് പുറത്തുവിട്ടതിനു പിന്നാലെ കൂടുതൽ ആരോപണങ്ങളുമായി വിസി എം ജഗദീഷ് കുമാർ. ക്യാംപസിനുള്ളിൽ നടന്ന ആക്രമണത്തിൽ പുറത്തുനിന്ന് ഉള്ളവരും പങ്കെടുത്തിരുന്നുവെന്ന് വൈസ് ചാൻസലർ ആരോപിച്ചു. ആക്രമണത്തിനു പിന്നിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഒയ്ഷി ഘോഷ് ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് കാണിച്ച് ഒയ്ഷിയുടെ ഉൾപ്പടെ 9പേരുടെ പേരും ദൃശ്യങ്ങളും ഡൽഹി പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിസിയുടെ പ്രസ്താവന.

മുഖം മറച്ച് എത്തിയ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരുക്കേറ്റിരുന്നു. ഹോസ്റ്റലുകളിൽ നിരവധി അനധികൃത വിദ്യാർത്ഥികൾ താമസിക്കുന്നുണ്ടെന്നും അതിൽ പുറത്തുനിന്നുള്ളവരുമുണ്ടെന്നും വിസി ആരോപിച്ചു.

സർവകലാശാലയുമായി ഒരു ബന്ധവുമില്ലാത്തവർ ചിലപ്പോൾ ഇത്തരമൊരു ആക്രമണത്തിൽ പങ്കെടുത്തേക്കാം. ആക്ടിവിസ്റ്റുകളായ വിദ്യാർത്ഥികൾ ഉണ്ടാക്കിയ സംഘർഷത്തെത്തുടർന്ന് നിരവധി വിദ്യാർത്ഥികൾക്കാണു ഹോസ്റ്റൽ ഒഴിഞ്ഞുപോകേണ്ടിവന്നത്. നിരപരാധികളായ വിദ്യാർത്ഥികൾക്കു പരുക്കേൽക്കാതിരിക്കാൻ ക്യാംപസിലെ സുരക്ഷാനടപടികൾ വർധിപ്പിച്ചെന്നും വിസി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഒയ്ഷി ഘോഷിനെ കൂടാതെ, ചുൻചുൻ കുമാർ, പങ്കജ് മിശ്ര, വസ്‌കർ വിജയ് മെക്ക്, സുചേത താലൂക്ദർ, പ്രിയ രഞ്ജൻ, വികാസ് പട്ടേൽ, യോഗേന്ദ്ര ഭരദ്വാജ്, ഡോലൻ സാമന്ത എന്നിവരുടെ പേരാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

Exit mobile version