വിവാഹേതര ബന്ധം എതിർത്ത ഭർതൃമാതാവിനെ കൊലപ്പെടുത്തി മരുമകൾ; കൊലപാതകം പാമ്പിനെ കൊണ്ട് കടിപ്പിച്ച്

ജുംജുനു: മരുമകളുടെ വിവാഹേതര ബന്ധം എതിർത്ത ഭർതൃമാതാവിന് ദാരുണാന്ത്യം. പാമ്പിനെ കൊണ്ട് കടിപ്പിച്ച് മരുമകൾ ഭർതൃമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു. രാജസ്ഥാനിലെ ജുംജുനു ജില്ലയിലാണ് സംഭവം. ജയ്പുർ സ്വദേശിയായ യുവാവുമായി വിവാഹിതയായ യുവതി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ ഭർതൃമാതാവ് മരുമകളെ നിരന്തരം വീക്ഷിക്കുകയും ഈ ബന്ധത്തെ എതിർക്കുകയും ചെയ്തിരുന്നു.2018 ലാണ് യുവതിയും കൊല്ലപ്പെട്ട സ്ത്രീയുടെ മകനായ സൈനികനും തമ്മിലുള്ള വിവാഹം നടന്നത്.

പിന്നീട് ഭർത്താവ് സൈന്യത്തിലേക്ക് തിരിച്ച് പോയതോടെ യുവതി മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഭർത്താവിന്റെ അസാന്നിധ്യത്തിൽ യുവതി മറ്റൊരാളുമായി ദീർഘനേരം ഫോണിൽ സംസാരിക്കുന്നത് ഭർതൃമാതാവ് കാണാനിടയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ ഇവർ യുവതിയെ നിരീക്ഷിക്കാൻ തുടങ്ങി. തുടർന്ന് യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭർതൃമാതാവ് യുവതിയെ ചോദ്യംചെയ്തു. ഇതിൽ പ്രകോപിതയായ യുവതി കാമുകന്റെ സഹായത്തോടെ ഭർതൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരണത്തിൽ അസ്വഭാവികതയൊന്നും തോന്നാതിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൊലപാതകം സംശയിച്ചതുമില്ല. എന്നാൽ, പിന്നീട് സംഭവത്തിൽ ഭർത്താവിന് സംശയം തോന്നുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയ്ക്കും കാമുകനും എതിരെ വ്യക്തമായ തെളിവു ലഭിച്ചതിനെ തുടർന്ന് ഇരുവരെയും അറസ്റ്റു ചെയ്തു.

Exit mobile version