അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് മോഡി; ജനങ്ങളെ കുറിച്ചാണ് 24 മണിക്കൂറും ചിന്തയെന്നും വാഴ്ത്തി ജൂഹി ചൗള; ജെഎൻയുവിനെ കുറിച്ച് ചോദിച്ചപ്പോൾ ഉരുണ്ടുകളിയും

മുംബൈ: ഇരുപത്തിനാല് മണിക്കൂറും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്ന, അഞ്ച് വർഷത്തിൽ ഒരിക്കൽ പോലും അവധിയെടുക്കാതെ നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് വാഴ്ത്തി നടി ജൂഹി ചൗള. നരേന്ദ്ര മോഡി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം മാത്രമല്ലെന്നും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തിൽ സംസാരിക്കവെ ജൂഹി അഭിപ്രായപ്പെട്ടു. അതേസമയം, മാധ്യമപ്രവർത്തകരിൽ ഒരാൾ ജെഎൻയുവിൽ നടന്ന ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാൻ കൂട്ടാക്കാതെ ചോദ്യകർത്താവിന്റെ പേരെന്താണെന്നും ഏത് നാട്ടുകാരനാണെന്നുമുള്ള മറുചോദ്യം ഉന്നയിച്ച് ജൂഹി ഉരുണ്ടുകളിച്ചതും ശ്രദ്ധേയമായി.

വീർ സവർക്കർ സ്മാരകത്തിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു സംഭവവികാസങ്ങൾ. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനായി ബിജെപി സംഘടിപ്പിച്ചതായിരുന്നു യോഗം. 200 ഓളം പേർ പങ്കെടുത്ത യോഗത്തിൽ അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാരാണെന്ന് ജൂഹി ചോദിക്കുകയായിരുന്നു. സദസിലുള്ളവർ മോഡി എന്ന് ഉത്തരം നൽകി. ഇത് ശരിയാണെന്ന് പറഞ്ഞ നടി, കഴിഞ്ഞ അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് നരേന്ദ്ര മോഡിയെന്നും. ഒരു ദിവസത്തിൽ 24 മണിക്കൂറും ജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെട്ടു. താൻ സംസാരിക്കുന്നത് ഏതെങ്കിലും പാർട്ടിയെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. താൻ സംസാരിക്കുന്നത് നരേന്ദ്ര മോഡിയെന്ന ഒരേ ഒരു വ്യക്തിയെക്കുറിച്ചാണെന്നും അയാൾ രാജ്യത്തിന്റെ നന്മയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ജൂഹി ചൗള വിശദീകരിച്ചു.

Exit mobile version