കേന്ദ്രത്തിന്റെ അഞ്ച് ട്രില്യൺ ജിഡിപി തള്ളുകളൊന്നുമല്ല സത്യം; ജിഡിപി വളർച്ച അഞ്ച് ശതമാനമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വപ്‌നം രാജ്യത്തെ അഞ്ചു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുകയല്ല, അതിനും മുകളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചതിന് പിന്നാലെ ഇന്ത്യയുടെ ജിഡിപിയുടെ ദാരുണാവസ്ഥ പുറത്ത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച അഞ്ചു ശതമാനം മാത്രമാകുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റികസ് മന്ത്രാലയം പ്രവചിച്ചിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) ആണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ഇതെന്നാണ് പ്രവചനം.

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം 2019-20 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ നിരക്ക് അഞ്ചു ശതമാനമാകുമെന്നാണ് വിശദീകരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 6.8 ശതമാനമായിരുന്നു ജിഡിപി വളർച്ചാ നിരക്ക്.

ഉത്പാദന മേഖലയിലാണ് പ്രധാനമായും തകർച്ച നേരിടുന്നത്. ഉത്പാദന മേഖലയിലെ വളർച്ച വെറും രണ്ടുശതമാനം മാത്രമാകുമെന്നാണ് നിഗമനം. കഴിഞ്ഞവർഷമുണ്ടായിരുന്ന 6.2 ശതമാനത്തിൽ നിന്നാണ് രണ്ടിലേക്ക് കൂപ്പുകുത്തുക. കാർഷിക മേഖലയിലും നിർമ്മാണ, വൈദ്യുതി മേഖലയിലും മാന്ദ്യം ബാധിച്ചിട്ടുണ്ട്. അതേസമയം, ഖനനം, പൊതുഭരണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നേരിയ വളർച്ചയുണ്ടായതായും കണക്കുകളിൽ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version