‘പാവപ്പെട്ട ഗുണ്ടയുടെ ഇരുമ്പുവടിക്ക് മുന്നിൽ തലവെച്ച് അവൾക്ക് എങ്ങനെ ധൈര്യം വന്നു’; ജെഎൻയു ആക്രമണത്തിൽ കടുത്ത പരിഹാസവുമായി ജാവേദ് അക്തർ

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന് പിന്നാലെ പോലീസ് ഇരകൾക്ക് എതിരെ കേസ് ചാർജ് ചെയ്ത സംഭവത്തോട് പ്രതികരിച്ച് എഴുത്തുകാരൻ ജാവേദ് അക്തർ. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷാ ഘോഷിനെതിരെ കേസെടുത്ത പോലീസ് നടപടിയെയും ആക്രമണം നടത്തിയ മുഖംമൂടി സംഘത്തെയും രൂക്ഷഭാഷയിൽ പരിഹസിച്ചാണ് അക്തറിന്റെ ട്വീറ്റ്.

ഇരുമ്പുവടിക്ക് മുമ്പിൽ സ്വന്തം തലവെച്ചുകൊടുത്തുകൊണ്ട് ഒരു ദേശീയവാദിയെ തടയാൻ അവൾക്ക് എങ്ങനെ ധൈര്യം വന്നുവെന്നുമാണ് ജാവേദ് അക്തറിന്റെ പരിഹാസം.

‘ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെതിരായ എഫ്‌ഐആർ പൂർണ്ണമായും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇരുമ്പുവടിക്ക് മുമ്പിൽ സ്വന്തം തലവെച്ചുകൊടുത്തുകൊണ്ട് ഒരു ദേശീയവാദിയെ, ഒരു ദേശപ്രേമിയെ തടയാൻ അവൾക്ക് എങ്ങനെ ധൈര്യം വന്നു? ഇവർ നമ്മുടെ പാവപ്പെട്ട ഗുണ്ടകളെ ശരിയായി ലാത്തിപിടിക്കാൻ പോലും അനുവദിക്കുന്നില്ല. അവർ എപ്പോഴും അവരുടെ ശരീരം വെച്ച് പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് പരിക്കേൽക്കാൻ ഇഷ്ടമാണെന്ന് എനിക്കറിയാം’, എന്നായിരുന്നു മുഖംമൂടി സംഘത്തെ പരിഹസിച്ചുകൊണ്ടുള്ള ജാവേദ് അക്തറിന്റെ ട്വീറ്റ്.

ഇതിനിടെ, ജെഎൻയു ആക്രമത്തിന് പിന്നിൽ എബിവിപിയാണെന്ന് തുറന്ന് സമ്മതിച്ച് സംഘടന ജോയിന്റ് സെക്രട്ടറി അനിമാ സൊങ്കാർ രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ‘സ്വയരക്ഷയ്ക്കായി’ കാമ്പസിൽ എബിവിപി പ്രവർത്തകർ ലാത്തിയും വടികളും ആസിഡുകളും വരെ കയ്യിൽ കരുതിയിരുന്നുവെന്നാണ് അനിമ ടൈംസ് നൗ ന്യൂസ് ചർച്ചയിൽ പറഞ്ഞത്.

Exit mobile version