വീട്ടിലെത്തിയ അമിത് ഷായോട് ഗോബാക്ക് വിളിച്ച മലയാളി പെൺകുട്ടിയും സുഹൃത്തും വീടൊഴിഞ്ഞു; ഇറങ്ങിയത് ബിജെപി പ്രവർത്തകരുടെ ഭീഷണിക്ക് പിന്നാലെ

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് ജനങ്ങളുടെ പിന്തുണയ്ക്കായി ഗൃഹസന്ദർശനത്തിന് ഇറങ്ങിയ ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് നേരെ പ്രതിഷേധം അഴിച്ചുവിട്ട പെൺകുട്ടികൾ ഒടുവിൽ വീടൊഴിഞ്ഞു. ബിജെപി പ്രവർത്തകരുടെ ഭീഷണിയെ തുടർന്നാണ് വീടൊഴിഞ്ഞത്. മലയാളിയായ സൂര്യ, ഉത്തർപ്രദേശ് സ്വദേശിനി ഹർമിത എന്നിവരാണ് ലജ്പത് നഗറിലെ വാടകവീടൊഴിഞ്ഞത്.

പൗരത്വനിയമത്തിന്റെ പ്രചാരണത്തിനായി ബിജെപി സംഘടിപ്പിച്ച ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായാണ് ഞായറാഴ്ച അമിത് ഷാ ലജ്പത് നഗറിൽ വീടുകൾ കയറിയത്. ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറിൽ സംഘാടകരെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് പെൺകുട്ടികൾ പ്രതിഷേധ സ്വരം ഉയർത്തിയത്. ഷെയിം(നാണക്കേട്) എന്നെഴുതിയ ബാനറുമായി ‘അമിത്ഷാ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചാണ് സൂര്യയും ഹർമിതയും പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സമീപവാസികളായ ബിജെപി പ്രവർത്തകർ വീട്ടുടമയെ പ്രതിഷേധമറിയിക്കുകയും, തുടർന്ന് പെൺകുട്ടികളോട് വീടൊഴിയാൻ ഉടമ ആവശ്യപ്പെടുകയായിരുന്നു.

Exit mobile version