ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് നിങ്ങള്‍ പറയുന്നു, പക്ഷേ ഞങ്ങള്‍ നിങ്ങളെ ചവിട്ടി പുറത്തുചാടിക്കും; അമിത് ഷായോട് ശിവസേന

പൗരത്വ ഭേദഗതി നിയമം മുസ്ലീംകളെ മാത്രമല്ല, ഹിന്ദുക്കളെയും ബാധിക്കുമെന്നും നാമെല്ലാം ഒറ്റക്കെട്ടായി ഈ നിയമത്തെ എതിര്‍ക്കണമെന്നും സഞ്ജയ് പറഞ്ഞു

ന്യൂഡല്‍ഹി: ‘നാമെല്ലാവരും ഒന്നാണ്, രാജ്യത്തോട് വിശ്വസ്തത പുലര്‍ത്തുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണ് ഈ രാജ്യ’മെന്ന് ശിവസേന നേതാവും സാമ്ന എഡിറ്ററുമായ സഞ്ജയ് റൗത്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീംകളെ മാത്രമല്ല, ഹിന്ദുക്കളെയും ബാധിക്കുമെന്നും നാമെല്ലാം ഒറ്റക്കെട്ടായി ഈ നിയമത്തെ എതിര്‍ക്കണമെന്നും സഞ്ജയ് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംഘടിപ്പിച്ച പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ആര്‍സിയുമായി ബന്ധിപ്പിക്കുന്നതോടെ ഇത് മുസ്ലീംകളെ മാത്രമല്ല 30 ശതമാനം ഹിന്ദുക്കളെയും ബാധിക്കുമെന്നും സഞ്ജയ് റൗത്ത് വ്യക്തമാക്കി. ‘ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന് നിങ്ങള്‍ പറയുന്നു, പക്ഷേ ഞങ്ങള്‍ നിങ്ങളെ പുറത്തുചാടിക്കുമെന്ന്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെ സഞ്ജയ് പറഞ്ഞു.

സിഎഎയില്‍ ഒരിഞ്ച് പോലും പിറകോട്ട് പോകില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്. മുസ്ലീംകള്‍ക്കിടയില്‍ സിഎഎ, എന്‍.പിആര്‍, എന്‍ആര്‍സി എന്നിവയെക്കുറിച്ച് വളരുന്ന ഭയവും ആശങ്കകളും ശമിപ്പിക്കാന്‍ ശ്രമിച്ച സഞ്ജയ് ”ജോ ദര്‍ ഗയ സോ മാര്‍ ഗയ” എന്ന ബോളിവുഡിലെ ജനപ്രിയ സംഭാഷണവും ഉറക്കെ പറഞ്ഞു.

”ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് മഹാരാഷ്ട്രയില്‍ കാണിച്ചു തന്നു. നിങ്ങളും ഭയത്തില്‍ നിന്ന് രക്ഷപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” അദ്ദേഹം വ്യക്തമാക്കി. ഈ രാജ്യം എല്ലാവരുടേതാണെന്ന് പലപ്പോഴും ബാല്‍ താക്കറെ പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version