രാജസ്ഥാനിലെ കോട്ടയില്‍ 107 കുട്ടികള്‍ മരിച്ച സംഭവം; കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയില്‍ എത്തി

രാജസ്ഥാന്‍: രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയില്‍ 105 കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയില്‍ എത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംഘം ഉടന്‍തന്നെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശിശുമരണത്തെ തുടര്‍ന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എംയിസിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘവും ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.

ആശുപത്രിയില്‍ ഇത്രയും കുട്ടികള്‍ മരിക്കാന്‍ കാരണം അണുബാധയും തണുപ്പുമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുപ്പത്തിമൂന്ന് ദിവസത്തിനിടെ 105 കുട്ടികളാണ് രാജസ്ഥാനിലെ കോട്ടയില്‍ മരിച്ചത്. അതേസമയം ശിശുമരണം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തിലും പ്രചാരണ ആയുധമാക്കുകയാണ് ബിജെപി. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.

‘നോക്കൂ കോട്ടയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച് വീഴുകയാണ്, അതിനെപ്പറ്റി നിങ്ങള്‍ ചിന്തിക്കൂ, ഈ അമ്മമാരുടെ കണ്ണീരിന് നിങ്ങള്‍ മറുപടി പറയേണ്ടി വരും’ എന്നാണ് അമിത് ഷാ ഇതിനെ കുറിച്ച് പറഞ്ഞത്. കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അശോക് ഗെലോട്ട് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തെക്കാള്‍ ശിശുമരണനിരക്ക് കുറഞ്ഞെന്നാണ് ഇതിന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നല്‍കിയ മറുപടി. അതേസമയം ശിശുമരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയ ആരോഗ്യമന്ത്രിയെ വരവേല്‍ക്കാനായി ആശുപത്രി വരാന്തയില്‍ അധികൃതര്‍ പരവതാനി വിരിച്ചത് ഏറെ വിവാദമായിരുന്നു.

Exit mobile version