പൗരത്വ ഭേദഗതി നിയമം; ആര് പ്രതിഷേധിച്ചാലും പിന്നോട്ടില്ല; നിലപാട് ആവര്‍ത്തിച്ച് അമിത് ഷാ

രാജസ്ഥാനിലെ ജോധ്പുരിലെ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്

ന്യൂഡല്‍ഹി: എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമത്തിനെതിരെ ജനങ്ങള്‍ക്കിടിയില്‍ കോണ്‍ഗ്രസും ആംആദ്മിയും ചേര്‍ന്ന് തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ ഒരുമാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

രാജസ്ഥാനിലെ ജോധ്പുരിലെ റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ പോലും പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ ഒരിഞ്ചുപോലും മാറ്റം ഉണ്ടാവുകയില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.

വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതികരിക്കുന്നതായിരിക്കും നല്ലതെന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനെയും അമിത് ഷാ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതിനു പകരം കോട്ടയില്‍ ദിനംപ്രതി മരിക്കുന്ന കുഞ്ഞുങ്ങളെ ആദ്യം ശ്രദ്ധിക്കൂവെന്ന് ബിജെപി നേതാവ് വ്യക്തമാക്കി.

Exit mobile version