പൗരത്വ ഭേദഗതിക്ക് എതിരായ സമരത്തിൽ പങ്കെടുത്ത കൗമാരക്കാരന്റെ മരണം; തീവ്ര ഹിന്ദുസംഘടന പ്രവർത്തകർ അറസ്റ്റിൽ; കൊലക്കുറ്റം ചുമത്തി

പാട്ന: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത കൗമാരക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ തീവ്ര ഹിന്ദുസംഘടനയിൽ അംഗങ്ങളായ രണ്ട് പ്രവർത്തകർ അടക്കം ആറുപേരെ അറസ്റ്റ് ചെയ്തു. ഹിന്ദു സംഘടനാ പ്രവർത്തകരായ നാഗേഷ് സാമ്രാട്ട്, വിക്സ് കുമാർ എന്നിവരടക്കമുള്ളവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് മഹ്തോ, ഛോട്ടു മഹ്തോ, സനോജ് മഹ്തോ, റെയ്സ് പാസ്വാൻ എന്നിവരാണ് കൊലപാതകക്കേസിലെ മറ്റ് പ്രതികൾ.

ബിഹാറിലെ പട്‌നയിൽ നടന്ന പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിൽ പങ്കെടുത്ത ബാഗ് തുന്നൽ യൂണിറ്റിൽ ജോലി ചെയ്യുന്ന അമീർ ഹൻസ്ല എന്ന് പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഡിസംബർ 21ന് ആർജെഡി നടത്തിയ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത അമീറിനെ 10 ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തിയതിനെ തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച അമീറിനെ ഒരുകൂട്ടമാളുകൾ ചേർന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഇഷ്ടികയും മറ്റ് മൂർച്ചയില്ലാത്ത വസ്തുക്കളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് അമീർ കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റതും ശരീരത്തിൽ രണ്ട് മുറിവുകളുണ്ടെന്നും പോലീസ് പറഞ്ഞു.

Exit mobile version