ഡല്‍ഹിയില്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ അമിത് ബല്യാണ്‍ ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയാണ് മരണപ്പെട്ടത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പതിമൂന്ന് പേരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി സ്ഥലത്തെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ, ഫാക്ടറിയുടെ തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കും തീ പടര്‍ന്നി പിടിച്ചതോടെ ഫാക്ടറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്കും തീ എത്തി.

അപകടം കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അമിത് ബല്യാണിന്റെ മരണത്തില്‍ ലഫ്റ്റനണ്ട് ഗവര്‍ണര്‍ അനില്‍ ബൈജാലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചനം രേഖപ്പെടുത്തി. അതേസമയം ഈ അടുത്തായി ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്.

Exit mobile version