കൊടുംമഞ്ഞില്‍ തണുത്തുവിറച്ച് ഡല്‍ഹി; ട്രെയിന്‍ ഗതാഗതം താറുമാറായി, മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വ്യാഴാഴ്ചയും ഉത്തരേന്ത്യയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. ഉത്തര റെയില്‍വ്വേയ്ക്ക് കീഴിലെ 21 ട്രെയിനുകള്‍ വൈകിയോടുകയാണെന്നാണ് റിപ്പോര്‍ട്ട്. അതിതീവ്ര ശൈത്യത്തിലൂടെയാണ് ഡല്‍ഹി നഗരം ഇപ്പോള്‍ കടന്ന് പോവുന്നത്. അതേസമയം ഡല്‍ഹിയില്‍ വായുമലിനീകരണം ഏറ്റവും രൂക്ഷമായിരിക്കുകയാണ്.

കഴിഞ്ഞദിവസം 29 ട്രെയിനുകളുടെ സര്‍വ്വീസിനെ മൂടല്‍മഞ്ഞ് കാര്യമായി ബാധിച്ചു. മഞ്ഞിനെത്തുടര്‍ന്ന് വിമാനസര്‍വ്വീസുകളും താറുമാറായി. അതേസമയം വ്യാഴാഴ്ച ഡല്‍ഹിയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

അതിനിടെ, രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ തോത് വ്യാഴാഴ്ചയും അതിതീവ്രമായ നിലയിലാണെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വായുഗുണനിലവാര സൂചിക ആനന്ദ് വിഹാറില്‍ 418-ഉം ആര്‍കെ പുരത്ത്-426 ഉം രോഹിണിയില്‍-457 ഉം രേഖപ്പെടുത്തി.

Exit mobile version