മോഡി സർക്കാരിനെയും പൗരത്വ ഭേദഗതിയെയും എതിർത്ത് ഓൺലൈൻ പോൾ ഫലങ്ങൾ; ഭൂരിപക്ഷം തിരിച്ചടിച്ചതോടെ പോളുകളെല്ലാം അപ്രത്യക്ഷം; സംഘപരിവാർ പാളയത്തിന് നാണക്കേട്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് അനുകൂല മറുപടി പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്യുന്ന സോഷ്യൽമീഡിയയിലെ പോളുകൾ പോലും തിരിച്ചടിക്കാൻ ആരംഭിച്ചതോടെ അവസാന നമ്പറുമായി മോഡി സർക്കാർ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുമ്പോൾ ജനങ്ങളെ അനുനയിപ്പിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അടയുകയാണ് കേന്ദ്ര സർക്കാരിന് മുന്നിൽ. ജനങ്ങളുടെ അഭിപ്രായം ആരായാനായി വീഡിയോ, ഗ്രാഫിക്‌സുകൾ, കണക്കുകൾ എല്ലാം പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും എല്ലാം തിരിച്ചടിക്കുകയാണ്. ഇതിനിടെയാണ് സർക്കാരിനെ അനുകൂലിച്ച് ക്യാംപയിൻ നടത്തി മോഡി സർക്കാരിനെ പ്രീണിപ്പിക്കാൻ ചിലർ ഓൺലൈൻ വോട്ടെടുപ്പ് നടത്തിയത്. എന്നാൽ, രാജ്യം ഈ പോളുകളേയും തിരസ്‌കരിച്ച് പൗരത്വ നിയമത്തെ എതിർത്തതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു മിക്കവരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നിങ്ങൾ അനുകൂലിക്കുന്നോ എന്നതായിരുന്നു ട്വിറ്ററിലെ ഓൺലൈൻ വോട്ടെടുപ്പ് വിഷയം. എന്നാൽ, ഭൂരിപക്ഷം പ്രതിഷേധത്തെ അനുകൂലിച്ചു വോട്ട് ചെയ്തതോടെ പണിപാളി. വോട്ടിങ് ഫലങ്ങൾ അനുകൂലമല്ലെന്ന് വ്യക്തമായതോടെ പോസ്റ്റുകൾ അപ്രത്യക്ഷമായെങ്കിലും ആവശ്യത്തിലേറെ സ്‌ക്രീൻ ഷോട്ടുകൾ എല്ലാവരുടെ കൈകളിലുമുണ്ടായിരുന്നു.

സംഭവത്തിൽ ആദ്യം തേഞ്ഞ് ഒട്ടിയത് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനാണ്. ഡിസംബർ 30ന് ഓൺലൈൻ വോട്ടെടുപ്പ് നടത്തി, സിഎഎയ്ക്കും എൻആർസിക്കുമെതിരായ പ്രതിഷേധം ന്യായമാണെന്ന് കരുതുന്നുണ്ടോ എന്ന് ഉപയോക്താക്കളോട് ചോദിച്ചു, ഇതോടൊപ്പം സദ്ഗുരു സിഎഎയെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്കും നൽകിയിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ നിരവധി പേർ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ എതിർത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പ് കൈയ്യിൽ നിന്നും പോയതോടെ പോസ്റ്റ് ഇഷാ ഫൗണ്ടേഷൻ മുക്കി. എന്നാൽ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ വോട്ടെടുപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ വീണ്ടും ട്വീറ്റ് ചെയ്യാൻ തുടങ്ങി. ഇത് ഇരട്ടി നാണക്കേടായി.

അതേസമയം, സിഎഎയ്ക്കെതിരായ പ്രതിഷേധം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഫലമാണോയെന്ന് ഒരു ഹിന്ദി ദിനപത്രത്തിന്റെ ട്വിറ്റർ വോട്ടെടുപ്പിൽ 54.1 ശതമാനം പേർ ഇതിനോട് വിയോജിക്കുന്നു. 44.1 ശതമാനം പേർ യോജിക്കുന്നുമുണ്ട്. ഡിസംബർ 24 ന് സീ ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരി മറ്റൊരു പോസ്റ്റിട്ടു. സിഎഎയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് ആളുകളോട് ചോദിച്ചു. 52.3 ശതമാനം പേർ ഇല്ലെന്നാണ് വോട്ട് രേഖപ്പെടുത്തിയത്. 47.7 ശതമാനം പേർ അനുകൂലിച്ചും വോട്ട് രേഖപ്പെടുത്തി.

ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ സമാനമായ പോസ്റ്റിൽ 64 ശതമാനം പേർ വിവാദ നിയമത്തിനെതിരായി വോട്ടുചെയ്തു. 36 ശതമാനം പേർ മാത്രമാണ് അനുകൂലിച്ച് വോട്ടുചെയ്തത്. അതേസമയം, അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട മോഡി സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചും നെറ്റിസൺമാർ ഇത് എങ്ങനെ ഇഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ചും ബിസിനസ് ടിവി വാർത്താ ചാനലായ സിഎൻബിസി ആവാസ് തിങ്കളാഴ്ച ഒരു വോട്ടെടുപ്പ് നടത്തി. ഈ വോട്ടെടുപ്പ് പോസ്റ്റും ഇപ്പോൾ കാണാനില്ല. എന്നാൽ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ ഹിറ്റാണ്. 62 ശതമാനം ആളുകളും ‘മോഡി 2.0’യുടെ പ്രവർത്തനത്തിൽ സന്തുഷ്ടരല്ലെന്ന് വോട്ട് ചെയ്തതായി കാണിക്കുന്നു.

Exit mobile version