പാകിസ്താന് മുന്നറിയിപ്പ്; തീവ്രവാദപ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ല, ഏത് വെല്ലിവിളിയും നേരിടാന്‍ തയ്യാറെന്ന് കരസേന മേധാവി

ഇന്ത്യയുടെ പുതിയ കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെയാണ് അദ്ദേഹം പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്

ന്യൂഡല്‍ഹി: പാകിസ്താന് മുന്നറിയിപ്പുമായി കരസേനാമേധാവി മനോജ് മുകുന്ദ് നരവണെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ മുന്‍കരുതലെന്നനിലയില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഏത് വെല്ലുവിളി നേരിടാനും തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പുതിയ കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെയാണ് അദ്ദേഹം പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. ചൈനയുമായുള്ള അതിര്‍ത്തിയിലും സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതിര്‍ത്തികടന്നുള്ള ഭീകരവാദം തടയുന്നതിന് ശക്തമായ തിരിച്ചടിക്കായി തന്ത്രങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും കരസേനാമേധാവി വ്യക്തമാക്കി.

ഇന്ത്യയുടെ 28ാമത്തെ കരസേനാമേധാവിയായാണ് മനോജ് മുകുന്ദ് നരവണെ ചുമതലയേറ്റത്. കരസേനാമേധാവി സ്ഥാനമൊഴിഞ്ഞ ബിപിന്‍ റാവത്ത് രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി (സിഡിഎസ്)ബുധനാഴ്ച ചുമതലയേല്‍ക്കും.

Exit mobile version