തണുത്ത് വിറച്ച് ഡല്‍ഹി; 34 ട്രെയിനുകള്‍ ഇന്ന് വൈകി ഓടും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 34 ട്രെയിനുകള്‍ ഇന്ന് വൈകി ഓടും. വിമാനസര്‍വീസുകളും താറുമാറായി. തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി. അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്.

ഡല്‍ഹിയെക്കൂടാതെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മുകശ്മീരിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിപ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ജനജീവിതം ദുസ്സഹമായി.

ഏകദേശം രണ്ടാഴ്ചത്തോളമായി അതിശൈത്യവും മൂടല്‍ മഞ്ഞും ഡല്‍ഹിയില്‍ തുടരുകയാണ്. കനത്ത മൂടല്‍മഞ്ഞില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വഴിമാറിയ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

അതേസമയം ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധര് പറയുന്നത്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഡല്‍ഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്.

Exit mobile version