പൗരത്വ നിയമം: ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. അനുമതിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

തമിഴ് ജൂനിയര്‍ വികടന്‍ മാസികയിലെ റിപ്പോര്‍ട്ട് സിന്ധു, ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഐപിസി 505(1) (ബി) വകുപ്പ് പ്രകാരം കന്യാകുമാരി ജില്ലാ പോലീസാണ് കേസെടുത്തത്.

താലൂക്ക് ഓഫീസറുടെ അനുമതിയില്ലാതെ അതീവ സുരക്ഷയുള്ള അഭയാര്‍ഥി ക്യാമ്പില്‍ പ്രവേശിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഡിസംബര്‍ 27നാണ് മാധ്യമപ്രവര്‍ത്തകര്‍ ക്യാമ്പില്‍ പ്രവേശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ ശശികുമാരന്‍ തമ്പി, തമിഴരശി എന്നിവര്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുത്തതിനെ അപലപിച്ച് ഡിഎംകെ രംഗത്തെത്തി. അണ്ണാഡിഎംകെയുടെ പ്രതികാര നടപടിയാണിത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തുനല്‍കുമെന്നും ഡിഎംകെ നേതാവ് കനിമൊഴി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ പ്രതികരിച്ചു.

Exit mobile version