പറഞ്ഞത് നേതൃത്വത്തെ കുറിച്ച് മാത്രം; സേനാ മേധാവി രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല, അഭിപ്രായം പറഞ്ഞിട്ടുമില്ലെന്ന് കരസേനയുടെ വിശദീകരണം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച കരസേനാ മേധാവി ബിപിൻ റാവത്തിനെ സംരക്ഷിച്ച് കരസേനയുടെ വിശദീകരണം. ജനറൽ ബിപിൻ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നൽകുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങൾ നൽകുക മാത്രമായിരുന്നു. പൗരത്വനിയമം പരാർശിക്കുകയോ അവ തള്ളിപറയുകയോ ബിപിൻ റാവത്ത് ചെയ്തിട്ടില്ലെന്നും സേനാവൃത്തങ്ങൾ വിശദീകരിക്കുന്നു. പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവിയുടെ പരാമർശത്തിന് എതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തിലാണ് കരസേന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സായുധ കലാപത്തിലേക്ക് ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ല, എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിൻ റാവത്തിൻറെ പ്രതികരണം. ഇതോടെ ഉയർന്ന സൈനിക പദവിയിലിരുന്ന് ഒരു രാഷ്ട്രീയ നിലപാടിനെ കരസേനാമേധാവി പിന്തുണച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാൻ കരസേനാമേധാവിയെ അനുവദിച്ചാൽ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. കരസേന മേധാവി മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

നിഷ്പക്ഷരായിരിക്കുക, എന്നതാണ് മൂന്ന് സേനകളിലുള്ളവരോടും ആഭ്യന്തരമായി നിർദേശിക്കുന്നതെന്നും പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുൻ നാവികസേന അഡ്മിറൽ ജനറൽ എൽ രാംദാസും വിമർശിച്ചിരുന്നു.

Exit mobile version