ശിശുദിനം ഡിസംബര്‍ 26ന് ആക്കണം: പ്രധാനമന്ത്രിയ്ക്ക് ബിജെപി എംപിയുടെ കത്ത്

ന്യൂഡല്‍ഹി: നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബര്‍ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി. ഡല്‍ഹി ബിജെപി പ്രസിഡന്റും ലോക്‌സഭ എംപിയുമായ മനോജ് തിവാരിയാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. പത്താം സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങിന്റെ മക്കള്‍ക്കുള്ള ആദരവായിരിക്കം ശിശുദിനമെന്ന് കത്തില്‍ പറയുന്നു.

‘ത്യാഗങ്ങള്‍ സഹിച്ച നിരവധി കുട്ടികള്‍ ഇന്ത്യയിലുണ്ട്. പക്ഷേ, അവരില്‍ ഏറ്റവും മഹത്തരമായ ത്യാഗം സഹിച്ചത് ഗുരു ഗോബിന്ദ് സിങിന്റെ മക്കളായ സാഹിബ്‌സാദെ ജൊരാവര്‍ സിങ്, സാഹിബ്‌സാദെ ഫത്തേഹ് സിങ് എന്നിവരുടേതാണ്. ധര്‍മത്തെ സംരക്ഷിക്കാനായി പഞ്ചാബിലെ സര്‍ഹിന്ദില്‍ അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചത് 1705 ഡിസംബര്‍ 26നാണ്.

മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നതിനാല്‍ ഇരുവരുടെയും രക്തസാക്ഷി ദിനം ശിശുദിനമായി ആഘോഷിക്കണം. അത് നമ്മുടെ കുട്ടികളില്‍ അഭിമാനബോധമുണ്ടാക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും- കത്തില്‍ പറയുന്നു.

സിഖ് സമുദായക്കാരുടെ നിര്‍ണായക വോട്ട് ശക്തിയായ ഡല്‍ഹിയില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മനോജ് തിവാരിയുടെ കത്തെന്ന് വിലയിരുത്തപ്പെടുന്നു.

Exit mobile version